News

എങ്ങനെ ഉറങ്ങും ലോകമേ

By webdesk17

October 07, 2025

ഗസ്സയിലെ സമാനതകളില്ലാത്ത മനുഷ്യക്കുരുതിക്ക് രണ്ടാണ്ട് തികയുമ്പോള്‍ സയണിസ്റ്റ് ഭീകരതയുടെ ക്രൂരതകണ്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തില്‍ മാത്രം മരിച്ചുവീണിരിക്കുന്നത് 67074 ഫലസ്തീനികളാണ്. ഇതിലാകട്ടേ എഴുപത് ശതമാനത്തോളം സ്ത്രീകളും കുട്ടികളും. 1.62 ലക്ഷം പേരാണ് മാരകമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുന്നത്. ഗസ്സയിലെ 92 ശതമാനം വീടുക ളും 72 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമാക്കപ്പെട്ടു. ഗസ്സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു ജനതയെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുദ്ദേശിച്ചുകൊണ്ടുള്ള വംശഹത്യയാണെന്ന് യു.എന്‍ നശ്ചയിച്ച കമ്മീഷന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ആ ദേശത്തെ ഒരു വിജന മരുഭൂമിയാക്കുമെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രണ്ടുവര്‍ഷം മുമ്പത്തെ പ്രസ്താവനക്ക് അടിവരയിടുന്ന രീതിയിലുള്ള നരഹത്യക്കാണ് പ്രദേശം ഇരയായിക്കൊണ്ടിരിക്കുന്നു. യു.എസ് മുന്നോട്ടുവെച്ച സമാധാന ഫോര്‍മുല ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെ വെടിനിര്‍ത്തല്‍ വാര്‍ത്തകള്‍ക്കായി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും നിര്‍ദ്ദയം മനുഷ്യക്കുരുതി തുടരുന്നതിലൂടെ, നിലവിലെ ആക്രമണത്തിന് കാരണമായിപ്പ റയപ്പെടുന്ന ബന്ധികളുടെ മോചനമൊന്നും തങ്ങളുടെ അജണ്ടയേ അല്ലെന്ന് ഇസ്രാഈല്‍ തെളിയിച്ചിരിക്കുകയാണ്. സയണിസ്റ്റ് ക്രൂരതയുടെയും മനസാക്ഷിയില്ലായ്മയുടെയും എല്ലാതലങ്ങളും ലോകത്തിനുമുന്നില്‍ തുറന്നു കാണിക്കപ്പെടുന്നതായിരുന്നു രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ആക്രമണകാലത്തെ ഇസ്രാഈലിന്റെ നടപടികള്‍. വംശഹത്യയുടെ ചോരപ്പുഴ ഒഴുകുന്ന ഫലസ്തീന്‍ മണ്ണിലെ മനുഷ്യത്വം മരവിക്കുന്ന കാഴ്കളിലേക്ക് അന്താരാഷ്ട്ര സമുഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് ഗസ്സയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ‘ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല’ ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പെ തടഞ്ഞ ഇസ്രാഈല്‍ സൈന്യത്തിന്റെ നടപടിയായിരുന്നു അതിലൊന്ന്. ഫ്‌ലോട്ടില്ലയുടെ ഭാഗമായിരുന്ന നാല്‍പതിലേറെ ബോട്ടുകള്‍ ഇസ്രാഈല്‍ സേന പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന പ്രമുഖ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് ഉള്‍പ്പെടെ നൂറു കണക്കിന് ആക്ടിവിസ്റ്റുകളെ ഇസ്രാഈലി കമാന്‍ഡോകള്‍ അറസ്റ്റ് ചെയ്തു തടവിലാക്കുകയായിരുന്നു. പ്രതീകാത്മകമായിട്ടാണ് സഹായങ്ങള്‍ കൊണ്ടുപോയതെങ്കിലും ഇസ്രാഈലിനെതിരെ ലോകമെങ്ങും വളര്‍ന്നുവരുന്ന വലിയൊരു ബഹുജന പ്രസ്ഥാനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇത്. എന്നാല്‍ കണ്ണില്ലാത്ത ക്രൂരതക്കെതിരെ ലോകമനസാക്ഷിയുണരുന്നതിന് ഈ കാലയളവ് സാക്ഷ്യംവഹിച്ചത് പ്രതീക്ഷാ നിര്‍ഭരമാണ്. ഗസ്സ വംശഹത്യയുടെ രണ്ടാം വര്‍ഷികത്തോടനുബന്ധിച്ച് യുറോപ്യന്‍ നഗരങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. തുര്‍ക്കി, സ്‌പെയ്‌നിന്‍, നെതര്‍ലാന്‍ഡ്സ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറുകയുണ്ടായി. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ ഏകദേശം 2,50,000 പേര്‍ പങ്കെടുത്ത റാലിയില്‍, ‘ഞങ്ങള്‍ എല്ലാവരും പലസ്തീനികളാണ്’, ‘ഫ്രീ പലസ്തീന്‍’, ‘വംശഹത്യ അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ടു. സ്‌പെയ്നിലെ ബാഴ്‌സലോണയില്‍ 70,000 പേരും തലസ്ഥാനമായ മാഡ്രിഡില്‍ 90000 പരും പങ്കടുത്ത റാലികളാണ് അണിനിരന്നത്. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ചുവന്ന വസ്ത്രം ധരിച്ച് പ്ര തീകാത്മകമായി കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേങ്ങള്‍ പിടിക്കുന്ന രൂപത്തിലാണ് പലരും പങ്കെടുത്തത്. സമാധാനം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് ഇസ്രാഈലും ഹമാസും അനുഭാവപൂര്‍വം പ്രതികരിച്ചത് പ്രതീക്ഷാ നിര്‍ഭരമാണ്.

ട്രംപിന്റെ 20 ഇന പദ്ധതിയോട് സ്വീകരിച്ച സമീപനത്തില്‍തന്നെയുണ്ട് നിലവിലെ സാഹചര്യങ്ങളോടുള്ള ഇരുവിഭാഗത്തിന്റെയും സമീപനം. തീര്‍ത്തും തങ്ങള്‍ക്കെതിരാണെന്നും ചതിക്കുഴികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുറപ്പുണ്ടായിട്ടും ഫലസ്തീന്‍ ജനതയുടെ ദുരിതത്തിന് അറുതിമാത്രം ആഗ്രഹിച്ചുകൊണ്ടാണ് ഹമാസ് അമേരിക്കന്‍ നീക്കത്തോട് അനുഗുണമായി പ്രതികരിച്ചതെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും അനുകൂലമായിട്ടും ആത്യന്തിക ലക്ഷ്യമായ വംശഹത്യക്ക് തിരിച്ചടിയാകുമെന്ന ഒറ്റക്കാരണത്താല്‍ ഇസ്രാഈല്‍ പിന്തിരിപ്പന്‍ നിലപാടുകളാണ് സ്വീകരിക്കുന്നത്. സുസ്ഥിരസമാധാനത്തിന് ഇസ്രാഈല്‍ തയാറാണെന്നും സമാധാനകരാര്‍ അംഗീകരിക്കുന്നുവെന്നുമുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ഇസ്രാഈല്‍ ആക്രമണങ്ങള്‍ അഴിച്ചുവി ട്ടിരിക്കുന്നത്. സന്തത സഹചാരികളായ അമേരിക്കക്കുപോലും ഈര്‍ശ്യതയുണ്ടാക്കിയ പ്രസ്തുത നടപടിയിലൂടെ ശാശ്വത സമാധാനം തങ്ങളുടെ അജണ്ടയിലേ ഇല്ലെന്നതാണ് ഇസ്രാഈല്‍ തെളിയിക്കുന്നത്. പശ്ചിമേഷ്യയില്‍ വേണ്ടത് ശാശ്വത സമാധാനമാണ്. പിറന്ന മണ്ണില്‍ ജീവിക്കാന്‍ ഒരു ജനതക്ക് അവകാശം നിഷേധിക്കപ്പെടുകയെന്നത് പ്രാകൃതവും ആധുനികലോകത്തിന്റെ തലകുനിപ്പിക്കുന്നതുമാണ്. ഫലസ്തീന്‍ ഒരു ജനതയുടെ പ്രശ്നമല്ലെന്നും അത് ഈ ഭൂമുഖത്തിന്റെയാകെ വിഷയമാണെന്നും തിരിച്ചറിഞ്ഞ് അന്താരാഷ്ട്രതലത്തിലുള്ള പരിഹാരമാണ് വേണ്ടത്. അത് ഏതെങ്കിലും രാഷ്ട്രട്രത്തിന്റെയോ വ്യക്തികളുടെയോ മുന്‍കൈയ്യിലല്ല രൂപപ്പെടേണ്ടത്. മറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. ഘടനാപരമായി ഏറെ ദുര്‍ബലമായ ഈ സംഘടനക്ക് നിലിവില്‍ അത്തരം നീക്കങ്ങള്‍ക്കുള്ള ത്രാണിയില്ല. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സംഘടനയെ ശക്തിപ്പെടുത്താനും അതുവഴി സമാധാനധ്വംസനങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കാനുമുള്ള സംവിധാനമാണ് ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.