മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ റിയ ചക്രവര്‍ത്തി വേട്ടയാടപ്പെടുകയായിരുന്നു എന്ന് നടി ഹുമ ഖുറേഷി. അജണ്ടകള്‍ വച്ച് അവരെയും കുടുംബത്തെയും തകര്‍ത്തവരെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ട്വിറ്ററിലാണ് ഹുമയുടെ പ്രതികരണം.

‘റിയ ചക്രവര്‍ത്തിയോട് എല്ലാവരും മാപ്പു പറയേണ്ടതുണ്ട്. കൊലപാതക ഗൂഢാലോചന സിദ്ധാന്തം ആരംഭിച്ചവരില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഒരു പെണ്‍കുട്ടിയെയും അവരുടെ കുടുംബത്തെയും നിങ്ങളുടെ അജണ്ടകള്‍ക്കു വേണ്ടി തകര്‍ത്തതില്‍ ലജ്ജ തോന്നുന്നു’ – എന്നാണ് അവരുടെ കുറിപ്പ്.

സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ലഹരി മരുന്നു കേസില്‍ നടിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായ 28 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ജാമ്യം. കേസില്‍ റിയയുടെ സഹോദരന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

റിയ ചക്രവര്‍ത്തി

ലഹരിക്കേസില്‍ സെപ്റ്റംബര്‍ എട്ടിനാണ് എന്‍സിബി റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്. റിയ ലഹരി മരുന്നു ഇടപാടിലെ കണ്ണിയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 14 ന് മുംബൈയിലെ ഫ്‌ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.

എന്നാല്‍ സുശാന്തിന്റെ മരണം ആത്മഹത്യയാണ് എന്നും കൊലപാതകമല്ല എന്നും എയിംസിലെ ഡോക്ടര്‍മാരുടെ പാനല്‍ കണ്ടെത്തിയിരുന്നു.