ന്യൂയോര്‍ക്ക്: യുവതിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തതായി യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് സംഭവം.

തദ്ദേശീയ സ്ത്രീയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി, ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്ത് കഴിപ്പിക്കുകയും ചെയ്‌തെന്ന് കോംഗോയിലെ മനുഷ്യാവകാശ സംഘടന ബുധനാഴ്ച യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചു. കോംഗോയുടെ കിഴക്കന്‍ മേഖലയിലെ സംഘര്‍ഷത്തെക്കുറിച്ച് 15 അംഗ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്ത്രീകളുടെ അവകാശ ഗ്രൂപ്പായ ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ പ്രസിഡന്റ് ജൂലിയന്‍ ലുസെംഗെയാണ് യുവതി നേരിട്ട ദുരവസ്ഥ യുഎന്നില്‍ പറഞ്ഞത്.

മെയ് അവസാനം മുതല്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം കനത്ത സാഹചര്യത്തില്‍ അവലോകനത്തിനായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് സംഘടന യുവതിയുടെ കാര്യം പറഞ്ഞത്.