ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന അഡ്മിന്‍ പറഞ്ഞു. ഗൗരി ലങ്കേഷിനെപ്പോലെയോ മുഹമ്മദ് അഫ്രസുലിനെപ്പോലെയോ തനിക്ക് മരിക്കാന്‍ വയ്യെന്നും പേജ് അഡ്മിന്‍ പറഞ്ഞു.

സംഘ് പരിവാര്‍ തീവ്രവാദം, ജാതീയത, സദാചാര പൊലീസിംഗ്, പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ ആക്ഷേപ ഹാസ്യ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നതാണ് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ്. നേരത്തേയും പേജിന്റെ അഡ്മിന് നേരെ വധഭീഷണികളുണ്ടായിട്ടുണ്ട്. എന്നാല്‍ ശക്തമായ രീതിയിലുള്ള ഭീഷണികളെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ പേജ് നിര്‍ത്തലാക്കുകയായിരുന്നു. ഇക്കാര്യം അവസാനത്തെ പോസ്റ്റിലൂടെ അഡ്മിന്‍ അറിയിക്കുകയും ചെയ്തു.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പേജ് നിര്‍ത്തുന്നത്. ഫേസ്ബുക്ക് തന്നെ പൂട്ടിക്കുകയോ മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയോ ചെയ്തതല്ല. ഈയിടെയായി ജീവനു നേരെയുള്ള ഭീഷണി ഉയര്‍ന്നിരുന്നു. തനിക്ക് കുടുംബത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് താന്‍ ഒറ്റക്കാണ്. സംസ്ഥാനത്ത് പൊലീസുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധമില്ലാത്ത തനിക്ക് ഗൗരി ലങ്കേഷിനെപ്പോലെയോ മുഹമ്മദ് അഫ്രസുലിനെപ്പോലെയോ മരിക്കാനാവില്ലെന്നും അഡ്മിന്‍ പറഞ്ഞു.

ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ പേജ് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും വെബ്‌സൈറ്റും ഉടനെ നീക്കം ചെയ്യുമെന്നും അറിയിച്ച അഡ്മിന്‍ എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നല്‍കാനും മറന്നില്ല. വ്യാജവാര്‍ത്തകള്‍ക്കെതിരായി ഒരു വെബ്‌സൈറ്റ് തുടങ്ങുന്നുണ്ടെന്നും പിന്തുണ നല്‍കണമെന്നും അഡ്മിന്‍ പറഞ്ഞു.