ഹൈദരാബാദ് :എം എസ് എഫ് ഹൈദരാബാദ് സോൺ സംഘടിപ്പിച്ച ”ഹംസഫർ“ സ്റ്റുഡന്റസ് കോൺഫെറെൻസ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എം എസ് എഫ് ന്റെ ആനുകാലിക പ്രസക്തിയുടെ ഉത്തമോദഹാരണമായാണ് കണക്കാക്കപ്പെടുന്നത് ഹൈദരാബാദിലെ വിവിധ സർവ്വകലാശാലകളായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റി (ഇഫ്ലൂ),മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകളിലെ തെരഞ്ഞടുത്ത വിദ്യാർഥി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കാടുത്തത്. രാവിലെ മുതൽ ആരംഭിച്ച സമ്മേളനം വിവിധ സെഷനുകളിലായിട്ടാണ് സംഘടിപ്പിച്ചിരുന്നത്. ആദ്യ സെഷൻ കേഡർ മീറ്റിന് അൻഷൂർ ,വസീം എന്നീ വിദ്യാർത്ഥി നേതാക്കൾ നേതൃത്വം നൽകി.തുടർന്ന് മുസ്‌ലിം ലീഗിന്റെ പ്രത്യയശാസ്ത്രവും സ്വത്വ രാഷ്ട്രീയവും ” എന്ന വിഷയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാൻ വിദ്യാർത്ഥികളുമായി സംവദിച്ചു. പുതുതലമുറയിൽ വളർന്നു വരുന്ന അരാഷ്ട്രീയവാദത്തിന്റെ സ്വാധീനവും സ്വത്വരാഷ്ട്രീയത്തിന്റെ പ്രാധാന്യവും വേദിയിൽ ചർച്ചയായി.
സമാപന സമ്മേളനം മുസ്‌ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷകീൽ അഹ്‌മദ് ഉൽഘാടനം ചെയ്തു. തെലങ്കാനയിലെ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് എംഎസ്എഫ് ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹ്മദ് സാജു ,ദേശീയ സെക്രട്ടറി ദഖീറുദ്ധീൻ ഖാൻ(അസ്സം) എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. അക്കാദമിക സമ്മർദവും മാറ്റി നിർത്തലുകളും ചൂഷണങ്ങളും തുടങ്ങി മറുനാട്ടിൽ പഠിക്കുമ്പോൾ വിദ്യാർഥികൾ നേരിടുന്ന അനേകം പ്രതിസന്ധികളെ കുറിച്ചും രാഷ്ട്രീയാശയങ്ങൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും സമ്മേളന വേദിയിൽ ചർച്ചയായി.എം എസ് എഫിന്റെ ദേശീയ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന ഈ സമ്മേളനത്തിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, പി ഉബൈദുള്ള എം എൽ എ തുടങ്ങിയവർ ഹൈദരാബാദിൽ നേരിട്ടത്തി പങ്കാളികളായിരുന്നു. തെലങ്കാന മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് ആൽ കസറി, അബ്റർ ഹുസൈൻ, എഐകെഎംസിസി ഹൈദരാബാദ് നേതാക്കളായ ശറഫുദ്ധീൻ, സൽമാൻ ഫാരിസ്, നിസാം , വിദ്യാർത്ഥിപ്രതിനിധികളായ ജുനൈദ്, അഷ്ഫാഖ്,ന്ജവ ,ഹലീമ, ദഹീൻ, റിഷ, ഷാദിൽ,അഫ് ലഹ് തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിച്ചു.