kerala

ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ തുടരും

By webdesk17

November 28, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചുഴലിക്കാറ്റ്

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ്‌വാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഈ മാസം 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച് മുതല്‍ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.8 മീറ്റര്‍ വരെയും കന്യാകുമാരി തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങളില്‍ ഡിസംബര്‍ ഒന്ന് വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്. തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള കടല്‍ പ്രദേശത്തുമുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലില്‍ പോകുന്നവര്‍ ഡിസംബര്‍ 1 വരെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ഭാഗവും നവംബര്‍ 30 വരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.