kerala

പാലക്കാട് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

By webdesk17

February 09, 2025

പാലക്കാട് ഉപ്പുംപാടത്ത് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

തര്‍ക്കത്തില്‍ ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ ഉപ്പുംപാടത്തേക്ക് വാടകക്ക് താമസമാക്കിയിട്ട് രണ്ടാഴ്ചയായിട്ടുള്ളൂ. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാജന്‍ ചന്ദ്രികയെ കത്തികൊണ്ട് കുത്തിയതിനു ശേഷം സ്വയം കുത്തി പരിക്കേല്‍പിക്കുകയായിരുന്നു.

ഇവര്‍ തമ്മല്‍ വഴക്ക് പതിവായിരുന്നെന്നും രാജന് മാനസിക പ്രശ്‌നമുള്ളതായും പൊലീസ് പറയുന്നു. നേരത്തെയും ചന്ദ്രികയെ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പ് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

താഴത്തെ നിലയിലായിരുന്നു ദമ്പതികള്‍ കിടന്നിരുന്നത്. നിലവിളി കേട്ടെത്തിയ മകളാണ് അമ്മയെയും അച്ഛനെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചന്ദ്രികയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.