ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് വേദനകൊണ്ട് പുളയുന്ന ഭാര്യയെ രക്ഷിക്കാതെ നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തിയതായി ആരോപണം. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മരം മുറിക്കുന്ന വാളുപയോഗിച്ചാണ് നരേഷ് എന്നയാള്‍ ഭാര്യയായ സഞ്ജുവിനെ കുത്തിയത്. മദ്യപിച്ചു സ്വബോധം നഷ്ടപ്പെട്ട നരേഷ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചതിനെ തുടര്‍ന്ന് ഇരുവരും കലഹത്തിലാവുകയും തുടര്‍ന്ന് യുവതിയെ കുത്തുകയുമായിരുന്നു.
യുവതിയെ കുത്തുന്ന വീഡിയോ നാട്ടുകാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വേദനകൊണ്ട് യുവതി നിലവിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സഥലത്തെത്തുകയും യുവതിയെ ആസ്പത്രിയിലെത്തിക്കുകയും ചെയ്തു. യുവതി അപകട നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. യുവതിയെ കുത്തിയ നരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.