ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭര്‍ത്താവും കസ്റ്റഡിയില്‍. ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി.
അന്വേഷണത്തില്‍ ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉള്ളതായും ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി. മലേഷ്യയില്‍നിന്ന് ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.
ഈ മാസം തുടക്കത്തില്‍ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമയും കെ.ഫിറോസും പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വിവരം ലഭിച്ചത്. തസ്‌ലിമയുടെ ഫോണില്‍ നിന്നും ഇതിന് തെളിവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.