india

വീട്ടിലെ പോര് റോഡിലെത്തി; നടുറോഡില്‍ അമ്മായിയമ്മയെ പൊതിരെത്തല്ലി മരുമകള്‍- വീഡിയോ വൈറല്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

October 10, 2020

ഹൈദരാബാദ്: ഭര്‍തൃമാതാവിനെ നടുറോഡില്‍ മര്‍ദിച്ച മരുമകള്‍ക്കെതിരെയും ഇവരുടെ മാതാവിനെതിരേയും പൊലീസ് കേസെടുത്തു. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂണ്‍ നഗര്‍ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവര്‍ക്കെതിരേയാണ് ഹുമയൂണ്‍ നഗര്‍ പോലീസ് കേസെടുത്തത്. ഇരുവരും ചേര്‍ന്ന് ഉസ്മയുടെ ഭര്‍തൃമാതാവ് തസ്‌നീം സുല്‍ത്താനയെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. 55-കാരിയായ തസ്‌നീം സുല്‍ത്താനയെ മരുമകളായ ഉസ്മ ബീഗം വലിച്ചിഴച്ച് തെരുവിലേക്കിറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിച്ചു. ഉസ്മയുടെ മാതാവ് ആസിഫ ബീഗവും മകള്‍ക്കൊപ്പം ചേര്‍ന്ന് 55-കാരിയെ ആക്രമിച്ചു. സംഭവം നടക്കുമ്പോള്‍ ഒരു ചെറിയ കുട്ടി മാത്രമാണ് സമീപത്തുണ്ടായിരുന്നത്. ഈ കുട്ടി മൊബൈല്‍ ഫോണില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ടായിരുന്നു.

#WATCH Telangana: A woman being thrashed by her daughter-in-law and her mother in Hyderabad over family dispute.

Police says, "The incident happened in the Humayun Nagar area on October 8. A case has been registered and further investigation is underway." pic.twitter.com/FQgCSzjVbF

— ANI (@ANI) October 10, 2020

തസ്‌നീമിന്റെ മകന്‍ ഉബൈദ് അലി ഖാനും ഉസ്മ ബീഗവും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാന്‍ സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഉസ്മയും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇത് രൂക്ഷമായതോടെ തര്‍ക്കം തെരുവിലെത്തിയത്. നേരത്തെ ഇരുവരും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉസ്മ താമസിക്കുന്ന മുകള്‍ നിലയിലെ വൈദ്യുതി കണക്ഷന്‍ തസ്‌നീം വിച്ഛേദിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.