മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. സാമുദായിക ഐക്യത്തിനും ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി യത്‌നിച്ച ഹൈദരലി തങ്ങള്‍ കേരളത്തിന്റെ മത, രാഷ്ട്രീയ മേഖലകളിലെ സൗമ്യ സാന്നിധ്യമായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പരിഹാരത്തിന്റെ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചു. എത്ര തിരക്കുണ്ടെങ്കിലും സാധാരണക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും സമയം കണ്ടെത്തി. പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിന്റെ ഇരുള്‍വഴികളില്‍ നക്ഷത്രശോഭയോടെ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തിന് നായകത്വം നല്‍കി.
പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മകനായി 1947 ജൂണ്‍ 15ന് ജനിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ 2022 മാര്‍ച്ച് ആറിനാണ് വിടവാങ്ങിയത്. 19 വര്‍ഷം മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച തങ്ങള്‍ 2009ല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ആയിരത്തിലധികം മഹല്ലുകളുടെ ഖാളിയായിരുന്നു. നിരവധി മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും പ്രസിഡന്റ് പദത്തിലും തങ്ങള്‍ സേവനനിരതനായിരുന്നു.
കര്‍മനിരതവും ഉജ്ജ്വലവുമായ ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതത്തിന്റെ ഓര്‍മകളുമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡി.എം.കെയുടെ രാജ്യസഭാ ലീഡര്‍ ത്രിച്ചി ശിവ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. മുരളീധരന്‍ എം.പി, ബിനോയ് വിശ്വം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, സി.പി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.