വാഷിംഗ്ടണ്‍: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ആര്‍ട്ടിമിസ്-2 ദൗത്യത്തിന്റെ വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റുകയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അറിയിച്ചു. ഫെബ്രുവരിയില്‍ ദൗത്യം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.
വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ വെറ്റ് ഡ്രെസ് റിഹേഴ്‌സലിനിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. എസ്.എല്‍.എസ്. വിക്ഷേപണ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. കൂടാതെ ഒറയോണ്‍ യാത്രാ പേടകത്തിലെ മര്‍ദ്ദ നിയന്ത്രണ വാള്‍വിലും ചെറിയ തകരാര്‍ കണ്ടെത്തി. വാള്‍വ് മാറ്റി പ്രശ്‌നം പരിഹരിച്ചെങ്കിലും ഹൈഡ്രജന്‍ ചോര്‍ച്ച പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് ആര്‍ട്ടിമിസ്2 വിക്ഷേപണം മാര്‍ച്ചിലേക്ക് നീട്ടാന്‍ നാസ തീരുമാനിച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഹൈഡ്രജന്‍ ചോര്‍ച്ച പൂര്‍ണമായും പരിഹരിച്ച ശേഷം വീണ്ടും ഒരു വെറ്റ് ഡ്രെസ് റിഹേഴ്‌സല്‍ നടത്തുമെന്നും അതിന് ശേഷമേ അന്തിമ വിക്ഷേപണ തീയതി പ്രഖ്യാപിക്കൂവെന്നും നാസ അറിയിച്ചു.
പത്ത് ദിവസം നീളുന്ന ആര്‍ട്ടിമിസ്2 ദൗത്യത്തിലൂടെ നാല് ബഹിരാകാശയാത്രികരാണ് ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരിച്ചെത്തുക. നാസയുടെ റീഡ് വൈസ്മാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ്. വിക്ടര്‍ ഗ്ലോവര്‍ മിഷന്‍ പൈലറ്റും, ക്രിസ്റ്റീന കോച്ച് മിഷന്‍ സ്‌പെഷ്യലിസ്റ്റുമാണ്. കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറമി ഹാന്‍സന്‍ സംഘത്തിലെ നാലാമത്തെ അംഗമാണ്.