kerala

എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്ന വേദനയുണ്ട് -സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

By webdesk17

January 06, 2026

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് സയ്യീദ് സദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത പ്രിയപ്പെട്ട ഇബ്രാഹീം കുഞ്ഞ് സാഹിബും യാത്രയായി. ഭരണ, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ തിളക്കമുള്ള അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കമെന്ന് അദ്ദേഹം കുറിച്ചു.

എം.എസ്.എഫിലൂടെയാണ് ഇബ്രാഹീം കുഞ്ഞ് സാഹിബ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെ നായകനായി നാല് തവണ അദ്ദേഹം നിയമസഭയിലെത്തി. വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം തിളങ്ങി. വിപ്ലവ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള രത്ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013, കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.

പാണക്കാട് കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങി ഞാനുമായും ആ സൗഹൃദബന്ധം തുടര്‍ന്നു. പാണക്കാട് സന്ദര്‍ശിക്കുകയെന്നത് അദ്ദേഹത്തിന്റെ ചര്യ തന്നെയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്. എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്നത് വേദനയാണ്. അല്ലാഹു പരലോക ജീവിതം റാഹത്തിലാക്കട്ടെ. ആമീന്‍.