kerala

അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഹണി റോസ്

By webdesk18

January 06, 2025

കൊച്ചി : തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നടി ഹണി റോസ്. അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയപരമായി നേരിടുമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

‘ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

നടി ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നറിയിച്ച് താരസംഘടന ‘അമ്മ’ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും തൊഴിലിനെയും അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അമ്മ വ്യക്തമാക്കി.