kerala

‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’: ജഗദീഷ്

By webdesk14

December 21, 2025

കൊച്ചി: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രീനിവാസന്‍ വഹിച്ച പങ്ക് വലുതാണെന്ന് നടന്‍ ജഗദീഷ്. ജീവിതത്തില്‍ ഇന്നുവരെ ഡബിള്‍ മീനിങ്ങുള്ള ഒരുസംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല. തലച്ചോറിന്റെ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെതെന്നും ജഗദീഷ് പറഞ്ഞു. ഉദയംപേരൂരെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസാരിക്കുമ്പോള്‍ ഇത്രയേറെ ഹ്യൂമര്‍സെന്‍സുള്ള ഒരാളെ താന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളും മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്. സിനിമയില്‍ ഒരു വേഷം തരുമ്പോള്‍ ആ കഥാപാത്രം തനിക്ക് എത്ര ഗുണം ചെയ്യുമെന്നറിയില്ല, തരക്കേട് ഇല്ലാത്ത വേഷമാണെന്നും അത് പടത്തിന് ഗുണം ചെയ്യമെന്നാണ് പറയുക. സ്വയം കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. ഉദാത്തമായ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെത് അതുകൊണ്ടാണ് കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും വികെഎന്റെയും ശ്രേണിയില്‍പ്പെട്ടത്. മറ്റുളളവരെ കളിയാക്കുന്നതില്‍ അല്ല സ്വയം കളിയാക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം.

തന്റെ രൂപം അത്ര സുന്ദരമല്ലായെന്നും തനിക്ക് പൊക്കക്കുറവ് ഉണ്ടെന്നള്ളതും വലിയ പരിമിതിയായിട്ട് പ്രേക്ഷകരുടെ മുന്നില്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രേക്ഷകര്‍ അത് വലിയ പൊക്കമായും വലിയ സൗന്ദര്യമായും തിരിച്ചുകൊടുത്തു. ശ്രീനിവാസന്‍ മലയാള സിനിമക്ക് ഒരുപാട് തന്നിട്ടുണ്ട്. എനിക്ക് ഉള്‍പ്പടെ ഒരുപാട് കലാകാരന്‍മാര്‍ക്ക് തന്നിട്ടുണ്ട്. തിരിച്ച് ശ്രീനിവാസന് അധികം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഒരുപാട് താരങ്ങളെയും സംവിധായകരെയും സൃഷ്ടിച്ചു. ഒരുപാട് നല്ല സിനിമകള്‍ തന്നിട്ടുണ്ട്. തിരിച്ച് മലയാള സിനിമ എന്താണ് നല്‍കിയതെന്ന് ചോദിച്ചാല്‍ അദ്ദേഹം തന്നതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.