വാഷിംഗ്ടണ്‍: മരണാനന്തര ജീവിതത്തെക്കുറിച്ച് തന്റെ പതിവ് ശൈലിയിലുള്ള തമാശ കലര്‍ന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടന്ന വാര്‍ഷിക ‘നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ്’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു ‘പൂര്‍ണ്ണനായ സ്ഥാനാര്‍ത്ഥി’ അല്ലായിരിക്കാം, എന്നാല്‍ സ്വര്‍ഗത്തില്‍ എത്താന്‍ തനിക്ക് നല്ല സാധ്യതയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
‘ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഞാന്‍ ഒരു തികഞ്ഞ വ്യക്തിയല്ലായിരിക്കാം, പക്ഷേ നല്ല മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ഗത്തില്‍ എനിക്ക് ഇടമുണ്ടാകാന്‍ സാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ തനിക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന് ട്രംപ് മുന്‍പ് സൂചിപ്പിച്ചിരുന്നു.