ഗുവാഹതി: അസമിൽ നിന്ന് 13 പേരുമായി പറന്നുയർന്ന വ്യോമസേനാ യാത്രാവിമാനം കാണാതായി. ജോർഹട്ടിൽ നിന്ന് 12.25 ന് പുറപ്പെട്ട ആന്റോനോവ് ആൻ 32 വിമാനമാണ് മുക്കാൽ മണിക്കൂറിനു ശേഷം കാണാതായത്. അരുണാചൽ പ്രദേശിലെ സൈനിക കേന്ദ്രമായ മെച്ചുക്കയിലേക്കാണ് വിമാനം പുറപ്പെട്ടത്.

ഉച്ചക്ക് ഒരു മണിയോടെയാണ് വിമാനവുമായി അവസാനം ബന്ധപ്പെട്ടതെന്നും കുഴപ്പം വല്ലതുമുള്ളതായി അറിയില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. ജോർഹട്ടിൽ നിന്ന് മെച്ചുക്കയിലേക്ക് 50 മിനുട്ടാണ് യാത്രാദൈർഘ്യം.

തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും വിമാനം കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നതായും വ്യോമസേനാ വക്താവ് ലഫ്. കേണൽ പി. ഖൊങ്‌സായ് പറഞ്ഞു. ഹെലികോപ്ടറുകളും ഇന്തോ – ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വിമാനം കാണാതായതു സംബന്ധിച്ച് വ്യോമസേനാ ഉപതലവൻ എയർ മാർഷൽ രാകേഷ് സിങുമായി സംസാരിച്ചെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

വിമാനത്തിന്റെ യാത്രാവഴിക്കു താഴെ പർവതങ്ങളും കാടുകളുമാണ്. മെച്ചുക്കയിൽ ലാന്റിങും ടേക്ക് ഓഫും ദുഷ്‌കരമാണെന്നും പ്രത്യേക വൈദഗ്ധ്യമുള്ള പൈലറ്റുമാർക്കു മാത്രമേ ഇവിടെ വിമാനം പറത്താൻ കഴിയുകയുള്ളൂ.

സൈന്യം ആളുകളെ കൊണ്ടുപോകാനുപയോഗിക്കുന്ന ആൻ 32 വിമാനം നാലു വർഷത്തോളമായി വ്യോമസേനയുടെ ഭാഗമാണ്. 2016-ൽ ചെന്നൈയിൽ നിന്ന് അന്തമാൻ നിക്കോബാറിലേക്ക് പുറപ്പെട്ട ഒരു ആൻ 32 വിമാനം ബംഗാൾ ഉൾക്കടലിനു മുകളിൽവെച്ച് കാണാതായിരുന്നു. ശക്തമായ തെരച്ചിൽ നടത്തിയിട്ടും ആ വിമാനം കണ്ടെത്താനായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.