ദുബായ്: ഐസിസി ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്താന്‍ തയാറാണെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ ഇന്ത്യയില്‍നിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗ്ലദേശിന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിക്കളഞ്ഞു. ഈ സാഹചര്യം മുതലെടുത്താണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.
പാകിസ്ഥാനിലെ ഏതു സ്റ്റേഡിയവും ലോകകപ്പിനായി സജ്ജമാക്കാന്‍ സാധിക്കുമെന്ന് പിസിബി പ്രതികരിച്ചെങ്കിലും പാകിസ്ഥാന്റെ ക്ഷണം ബംഗ്ലദേശോ, ഐസിസിയോ സ്വീകരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി മനസ്സിലാക്കുന്നില്ലെന്നും എന്തു വില കൊടുത്തും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്നും ബംഗ്ലദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ പ്രതികരിച്ചിരുന്നു.
ഇന്ത്യയില്‍ നടത്തേണ്ട നാലു ലോകകപ്പ് മത്സരങ്ങളും ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഐസിസിക്ക് രണ്ടാമതും കത്തയച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലദേശിനു മത്സരങ്ങളുള്ളത്. ഇവിടെ കളിക്കാന്‍ സാധിക്കില്ലെങ്കില്‍ തിരുവനന്തപുരത്തോ, ചെന്നൈയിലോ കളി നടത്താന്‍ സാധിക്കുമെന്നാണ് ഐസിസിയുടെ നിലപാട്. ഇക്കാര്യത്തില്‍ ബംഗ്ലദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അമിനുല്‍ ഇസ്‌ലാം പ്രതികരിച്ചു.