kerala

ഇടുക്കി മണ്ണിടിച്ചില്‍ ദുരന്തം: സന്ധ്യയുടെ ചികിത്സാചെലവ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഏറ്റെടുക്കും

By webdesk18

October 29, 2025

കൊച്ചി: അടിമാലി മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ചികിത്സാചെലവ് നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരന്‍ സന്ദീപ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം.

മണ്ണിടിച്ചിലില്‍ കാലിലെ മസിലുകള്‍ തകരാറിലായതിനെ തുടര്‍ന്ന് സന്ധ്യയുടെ ഇടതു കാല്‍ മുട്ടിന് താഴെനിന്ന് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

സന്ധ്യയുടെ കുടുംബം സഹായം തേടിയതിനെ തുടര്‍ന്ന്, മമ്മൂട്ടി നേരിട്ടു രാജഗിരി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട്, ചികിത്സാചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചു.

അതേസമയം, ദേശീയപാത അതോറിറ്റിയോടും അടിയന്തര സഹായം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടുക്കി ജില്ലാ ഭരണകൂടം ഇതിനായി ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുമുണ്ട്.

ദുരന്തത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് നെടുമ്പള്ളിക്കുടിയില്‍ ബിജു (45) മരണപ്പെട്ടിരുന്നു. അപകടസാധ്യതയെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 22 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നെങ്കിലും, രാത്രി ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ ഇരുവരും വെറും 20 മിനിറ്റിനകം മണ്ണിടിച്ചിലില്‍ പെട്ടു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്.

ദേശീയപാത നിര്‍മ്മാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണം എന്നാരോപണം ശക്തമാകുന്നു.

സന്ധ്യയുടെ സഹോദരന്‍ സന്ദീപ് മാധ്യമങ്ങളോട് പ്രതികരിക്കവെ, ”സര്‍ക്കാരിന്റെ സഹായം ഇതുവരെ ലഭിച്ചിട്ടില്ല. കുടുംബം പൂര്‍ണ്ണമായും നിരാലംബമായി. സര്‍ക്കാര്‍ ആനുകൂല്യം ആവശ്യമാണ്,” എന്ന് പറഞ്ഞു. ബിജുവിന്റെ മരണവിവരം സന്ധ്യയോട് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.