Film

കുറ്റംതെളിഞ്ഞാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി, അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഫെഫ്ക

By webdesk14

August 28, 2024

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്, ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും നിയമ നടപടികള്‍ തുടങ്ങി വെക്കാനുമുള്ള അതിജീവിതമാരുടെ ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിന്‍സ്റ്റ് സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ സംഘടനാപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.