ബെംഗളൂരു: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈകള്‍ വെട്ടിക്കളയണമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. കുടകില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും നമ്മള്‍ ഇനിയും ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ അവര്‍ മസ്ജിദാക്കുമെന്നും മന്ത്രി പറഞ്ഞു.

താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലിംഗളല്ലെന്നും ചരിത്രമത് വ്യക്തമാക്കുന്നുണ്ടെന്നും പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഷാജഹാന്റെ ആത്മകഥയില്‍ അദ്ദേഹം ഈ കൊട്ടാരം ജയസിംഹ രാജാവിന്റെ പക്കല്‍നിന്നും വാങ്ങിയതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തേജോ മഹല്യ എന്ന പേരില്‍ പരമതീര്‍ത്ഥ രാജാവ് നിര്‍മ്മിച്ച ശിവ മന്ദിരമായിരുന്നു അത്. അത് പിന്നീട് താജ്മഹല്‍ എന്ന് പേരുമാറ്റിയതാണ്. നമ്മളിനിയും ഉറങ്ങുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദെന്ന് പേരുമാറ്റി വിളിക്കും. നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സീതാ ദേവിയെ ബീബിയെന്നും വിളിക്കും- മന്ത്രി പറഞ്ഞു.

നേരത്തെയും അനന്തകുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 2017ല്‍ മോദി സര്‍ക്കാര്‍ ഭരണഘടന തിരുത്തുമെന്ന പ്രസ്താവന വിവാദമായിരുന്നു. ഭരണഘടന മതേതരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ട് നിങ്ങളത് സ്വീകരിക്കണമെന്നാണ് ചിലരുടെ വാദം. ഞങ്ങള്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, ഈ ഭരണഘടന പലതവണ തിരുത്തപ്പെട്ടിട്ടുണ്ട്. ഇനിയും തിരുത്തപ്പെടും. ഭരണഘടന തിരുത്താനാണ് ഞങ്ങളിവിടെ വന്നത്, ഞങ്ങളത് ചെയ്യുമെന്നുറപ്പാണ് എന്നായിരുന്നു മന്ത്രിയുടെ പ്രസാതാവന.