india

‘ഒരാള്‍ മാത്രമായാലും ജയിക്കുന്നത് ഞാനായിരിക്കും’; വോട്ടര്‍ പട്ടികയിലെ വെട്ടിത്തിരുത്തലിനെതിരെ മമത ബാനര്‍ജി

By webdesk17

March 02, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രതികരണം.

‘ഇത് അങ്ങേയറ്റം ഖേദകരവും മനുഷ്യത്വവിരുദ്ധവുമാണ്. തിരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എത്ര വെട്ടിത്തിരുത്തലുകള്‍ നടത്തിയാലും എനിക്ക് ആശങ്കയില്ല. എന്റെ മണ്ഡലമായ ഭവാനിപൂരിലും വന്‍തോതില്‍ വോട്ടര്‍മാരെ വെട്ടിച്ചുരുക്കി. എന്നാല്‍, ഒരു വോട്ടര്‍ മാത്രമാണ് എന്റെ മണ്ഡലത്തില്‍ അവശേഷിക്കുന്നതെങ്കില്‍ പോലും ഞാന്‍ വിജയിക്കും’ -മമത വ്യക്തമാക്കി.

പുതുക്കിയ വോട്ടര്‍ പട്ടികയനുസരിച്ച് പശ്ചിമ ബംഗാളില്‍ 63.66 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ ഏകദേശം 8.3 ശതമാനമാണിത്. എണ്ണത്തില്‍ നിലവിലെ ആകെ വോട്ടര്‍മാര്‍ 7.04 കോടിയിലധികമാണ്. ഏകദേശം 60.06 ലക്ഷം വോട്ടര്‍മാരെ ‘പരിശോധനയിലുള്ളവര്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 2,342 പേരുകള്‍ നീക്കം ചെയ്തപ്പോള്‍ വെറും 18 പുതിയ വോട്ടര്‍മാരെ മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. അവിടെ 397 പേരെ ഒഴിവാക്കിയപ്പോള്‍ 1,167 പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. അതേസമയം, വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ ‘നുഴഞ്ഞുകയറ്റക്കാര്‍’ ആണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ വാദം.