kerala

തുടര്‍ഭരണം വന്നാല്‍ കേരളത്തില്‍ ജനാധിപത്യമില്ലാതാകും; കല്‍പ്പറ്റ നാരായണന്‍

By webdesk17

February 12, 2026

കോഴിക്കോട്: കേരളത്തില്‍ വീണ്ടും തുടര്‍ഭരണമുണ്ടായാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന് പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമാനമായ സാഹചര്യത്തിലേക്ക് കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയുടെ സമുന്നതനായ സെക്രട്ടറി പോലും സ്വന്തം വാര്‍ഡില്‍ എതിരാളികള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അവസ്ഥയാണെന്നും നാരായണന്‍ പറഞ്ഞു. ഇത്തരം അധികാരകേന്ദ്രീകൃതമായ ആഗ്രഹങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീണ്ടും അധികാരത്തില്‍ വന്നാല്‍ കഴിഞ്ഞ രണ്ട് ടേമുകളിലായി സര്‍ക്കാര്‍ ചെയ്ത സകല തെറ്റുകളും നീതീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും നാരായണന്‍ സൂചിപ്പിച്ചു. ‘വര്‍ഗബോധം’ എന്ന പദത്തിന് പകരം ‘സ്വജനപക്ഷപാതം’ എന്നതിലേക്ക് കഴിഞ്ഞ രണ്ട് ഭരണകാലങ്ങളിലും കാര്യങ്ങള്‍ നീങ്ങിയെന്നും കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പ്രയാസമുള്ള അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനം എന്നത് ആഗോളതലത്തില്‍ നടക്കുന്ന നഗരവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിയായാലും ഇടതുപക്ഷമായാലും ഇത് അവകാശപ്പെടാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആര് ഭരിച്ചാലും ഇത്തരം വികസനങ്ങള്‍ സ്വാഭാവികമായും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.