ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 90.56-ല്‍ എത്തിനില്‍ക്കെ, സാമ്പത്തിക പ്രതിസന്ധിയെ നിസാരവല്‍ക്കരിച്ച് ബി.ജെ.പി എം.പി മനോജ് തിവാരി. ഡോളറിന്റെ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കില്ലെന്നും ഇന്ത്യക്കാര്‍ രൂപയാണ് ഉപയോഗിക്കുന്നതെന്നുമാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി കൂടിയായ മനോജ് തിവാരിയുടെ വിചിത്ര വാദം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് തിവാരിയുടെ ഈ പരാമര്‍ശമുള്ളത്. ‘നമ്മുടെ നാട്ടിലെ ജനങ്ങള്‍ പോക്കറ്റില്‍ രൂപയാണ് കൊണ്ടുനടക്കുന്നത്. അവര്‍ സാധനങ്ങള്‍ വാങ്ങുന്നതും രൂപ കൊടുത്തിട്ടാണ്. ഡോളറുമായി നമുക്ക് യാതൊരു ബന്ധവുമില്ല. ഡോളര്‍ കൂടിയാലും കുറഞ്ഞാലും അത് നമ്മുടെ ജനങ്ങളെ ബാധിക്കില്ല,’ എന്നാണ് തിവാരിയുടെ വാക്കുകള്‍. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇത് കാരണമായി.
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് ഇറക്കുമതി ചെലവുകള്‍ വര്‍ധിക്കാനും, അത് ഇന്ധനവിലയിലും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാനും കാരണമാകും എന്ന സാമ്പത്തിക യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് എം.പിയുടെ പ്രസ്താവനയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 5 ശതമാനത്തോളം ഇടിവാണുണ്ടായിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സികളിലൊന്നായി രൂപ മാറിയിരിക്കുകയാണ്.
തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ബി.ജെ.പി നടത്തിയ പരിഹാസങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ‘ഡോളറിന്റെ വില കൂടുമ്പോള്‍ അത് സാധാരണക്കാരനെ ബാധിക്കില്ലെങ്കില്‍, അന്ന് മന്‍മോഹന്‍ സിംഗിനെതിരെ എന്തിനായിരുന്നു വിമര്‍ശനം ഉന്നയിച്ചത്?’ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. രൂപയുടെ തകര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.