തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള അതിജീവിതയുടെ ലൈംഗികാതിക്രമ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. അതിജീവിതയുടെ തുറന്നെഴുത്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതിജീവിതമാര്‍ പേര് വെളിപ്പെടുത്താതെ നിശബ്ദരായി ഇരിക്കേണ്ടവരാണെന്ന പൊതുബോധത്തെ തിരുത്തി മുന്നോട്ടുവരുന്ന സ്ത്രീകളുടെ നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്നും സതീദേവി പറഞ്ഞു. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്നും. മാധ്യമങ്ങളിലൂടെയാണ് പ്രതിയുടെ അറസ്റ്റ് വിവരം പോലും കമ്മീഷന്‍ അറിഞ്ഞതെന്നും അധ്യക്ഷ കുറ്റപ്പെടുത്തി.
അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന് ലഭിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള പരാതിയായതിനാല്‍ അതീവ ഗൗരവത്തോടെയാണ് നടപടികള്‍ ആരംഭിച്ചതെന്നും സതീദേവി വ്യക്തമാക്കി.
നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് അതിജീവിതക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ഗൗരവമായി പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.