തിരുവനന്തപുരം: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കരട് കുറ്റപത്രം തയ്യാറായതായി ഐജി വിജയ് സാഖറെ അറിയിച്ചു. അന്വേഷണം അവസാനിച്ചു. സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം കളക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എ.എം.അന്‍വര്‍, എന്‍.എന്‍.നിധിന്‍, കളക്ട്രേറ്റ് ഉദ്യോഗസ്ഥനായ വിഷ്ണു പ്രസാദ് തുടങ്ങി ഏഴുപേരാണ് പ്രതികള്‍. എന്നാല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ആദ്യ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ പോലീസിനെതിരെ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.

പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് ആദ്യ കേസ്. 68 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് വിഷ്ണുപ്രസാദിനെതിരെ രണ്ടാമതൊരു കേസ് രജിസ്റ്റര്‍ ചെയ്തത്.