kerala

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; സുമയ്യ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാകും

By webdesk17

October 03, 2025

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരി സുമയ്യ ഇന്ന് മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാകും. യുവതിയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകും എന്ന് ബോര്‍ഡ് പറഞ്ഞിരുന്നു.

അതേസമയം വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നത്.

എന്നാല്‍ തനിക്ക് ശ്വാസംമുട്ടലടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി യുവതി മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചിരുന്നു. സുമയ്യയുടെ ആരോഗ്യാവസ്ഥ മെഡിക്കല്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി പരിശോധിക്കുകയും തുടര്‍ചികിത്സയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യും.

വിഷയത്തില്‍ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ആരോഗ്യമന്ത്രി സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.