ബംഗളൂരു: യുഐഡിഎഐയുടെ സെര്‍വ്വര്‍ ഹാക്ക് ചെയ്ത് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ഐ.ടി ഖരഗ്പൂര്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിനവ് ശ്രീവാസ്തവയാണ് ബംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. 31 കാരനായ അഭിനവിനെതിരെ ജൂലൈ 26ന് യുഐഡിഎഐ നല്‍കിയയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജനുവരി ഒന്നിനും ജൂലൈ 26നും അഭിന്വ് യു.ഐ.ഡി.എ.ഐയുടെ സെര്‍വ്വറില്‍ eKYC വെരിഫിക്കേഷന്‍ എന്ന് ആപ്ലിക്കേഷന് വേണ്ടി അനധികൃതമായി കടക്കുകയും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി.

അതേസമയം അഭിനവ് ആധാര്‍ രജിസ്റ്റര്‍ ചെയ്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. സര്‍വറിലെ 40000ത്തോളം പേരുടെ വിവരങ്ങളാണ് ആന്റ്രോയിഡ് ആപ്പ് നിര്‍മാണത്തില്‍ അതീവ തല്‍പരനായ യുവാവ് ചോര്‍ത്തിയത്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ ഓല ടാക്‌സി സര്‍വ്വീസില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് എഞ്ചിനീയറാണ് അഭിനവ്.

ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്വദേശിയായ അഭിനവ് നിലവില്‍ ബംഗളൂരില്‍ യശ്വന്ദ്പൂരിലാണ് താമസമെന്ന് പൊലീസ് അറിയിച്ചു. ആധാറില്‍ റജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, വയസ്, ലിംഗം തുടങ്ങിയ വിവരങ്ങളാണ് അഭിനവിന് അനധികൃതമായി ലഭിച്ചത്. അതേസമയം വിരലടയാളം, ഐറിസ് സ്‌കാന്‍ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ യുവാവിന് ലഭിച്ചില്ലെന്നും പൊലീസ് വ്യക്താമാക്കി.

ഡിജിറ്റല്‍ ഇന്ത്യയുടെ ഇ- ഹോസ്പിറ്റല്‍ വഴിയാണ് അഭിനവ് യു.ഐ.ഡി.എ.ഐയുടെ സെര്‍വ്വര്‍ ഹാക്ക് ചെയ്തത്. ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കാനായി ഇയാള്‍ തന്നെ വികസിപ്പിച്ച ഇ-കെ.വൈ.സി വെരിഫിക്കേഷന്‍ ആപ്പിന് വേണ്ടിയാണ് അഭിനവ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ 50000 ലേറെ പേര്‍ ഉപയോഗിച്ചതായാണ് വിവരം. ഏഴ് മാസത്തിനുള്ളില്‍ ആപ്ലിക്കേഷനിലെ പരസ്യത്തിലൂടെ താന്‍ 40000 രൂപയോളം നേടിയതായും അഭിനവ് പൊലീസിനോട് സമ്മതിച്ചു.

അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
.