നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്‍.
‘ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ സംസാരിക്കുമ്പോള്‍ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങള്‍ പോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. സത്യത്തില്‍ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.’ എന്ന് ശ്വേത കുറിച്ചു.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജൂണില്‍ പുറത്തിറങ്ങിയ നാന്‍സി റാണിയാണ് ശ്രീനിവാസന്‍ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത ‘ഞാന്‍ പ്രകാശനു’വേണ്ടിയാണ് ഒടുവില്‍ തിരക്കഥയൊരുക്കിയത്.