ടി. കെ മുസ്തഫ വയനാട്
ബഹുസ്വര സമൂഹങ്ങളില്‍ ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ എത്രത്തോളം ബദ്ധശ്രദ്ധരാണോ അതേയളവില്‍ ഇതര വിഭാഗങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവകാശത്തിനായി ശ്രമിക്കാന്‍ കൂടി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ബോധ്യമാണ് പ്രബുദ്ധ കേരളത്തെ എക്കാലവും നയിക്കുന്നതെന്നിരിക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ആക്രമണാത്മകമായ സ്വേച്ഛാധിപത്യനയങ്ങളോടുകൂടിയ കെട്ടുകഥകളും നുണകളും കൃത്രിമമായി ചമക്കപ്പെട്ട ചരിത്രവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാര്‍.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി മുന്‍പ് നിര്‍മിച്ച ‘ദി കേരള സ്‌റ്റോറി’ യെന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഇരുട്ടിന്റെ ശക്തികളുടെ നീക്കം തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ വേരുറയ്ക്കാതെ പോയ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ത്തു കൊണ്ട് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള വിഷലിപ്ത പ്രയത്‌നങ്ങളുടെ അനന്തര ഫലം തന്നെയാണെന്ന് കാണാന്‍ കഴിയും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിന്റെയും പശു മാംസത്തിന്റെയും ദിവ്യത്വത്തെ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങളോട് ജ്ഞാനാധിഷ്ഠിതമായ സമീപനങ്ങള്‍ സ്വീകരിക്കാതെയുള്ള ദുര്‍വ്യാഖ്യാനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ തന്നെ നിരാകരിക്കുകയും ചെയ്യുന്നവര്‍ പരസ്പര സാഹോദര്യവും മത നിരപേക്ഷതയും മുഖ മുദ്രയാക്കുന്ന കേരളത്തിന്റെ മണ്ണില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഗോ മാംസം തിരസ്‌കരിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയോ അതനുവദനീയമായ സമൂഹങ്ങളുടെ അവകാശത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമീപനം കേരളത്തില്‍ ആരും തന്നെ സ്വീകരിക്കുന്നില്ലെന്നിരിക്കെ പശുവിനെ വര്‍ഗീയതയുടെ ആയുധമാക്കി പരിവര്‍ത്തിപ്പിച്ച് കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമാണെന്നും, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടേണ്ടവര്‍ ആണെന്നുമുള്ള ഒരു പൊതുധാരണ സൃഷ്ടിച്ചെടുക്കാന്‍ സംഘ് പരിവാര്‍ ശക്തികള്‍ പശുവിനെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ തന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
1967 ല്‍ പശു സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്ന ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വര്‍ഗീസ് കുര്യന്‍ അക്കാലയളവില്‍ തനിക്കുണ്ടായ ഒരനുഭവം ‘എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു’ എന്ന തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. രാജ്യത്ത് ഉപകാരമില്ലാത്ത പശുക്കളെ കൊന്നു കളയണമെന്ന തന്റെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ആര്‍.എസ്.എസ് തലവനായിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ അന്ന് പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നമാണെന്നും അതിലൂടെ ഐക്യഭാരതം എന്ന സങ്കല്‍പം പൂവണിയുമെന്നും പ്രഖ്യാപിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.
1882 ല്‍ ആര്യസമാജത്തിന്റെ പിന്തുണയോടെ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ‘ഗോരക്ഷിണി സഭ’ ഗോ സംരക്ഷണത്തിന് സമരോത്സുകരായ ഒരു സേന ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് രാജ്യത്താകമാനം നേതൃത്വം നല്‍കിയത്. മനുഷ്യരെല്ലാം പശുവിന്റെ പാല്‍ കുടിക്കുന്നവരാണെന്നും പശു ലോകത്തിന്റെ മാതാവാണെന്നും അത് കൊണ്ട് തന്നെ ഗോവധം മാതൃവധത്തിന് തുല്യമാണെന്നും വാദിച്ച ‘ഗോരക്ഷിണി സഭ’ ഇസ്‌ലാം വിശ്വാസികളെ ഭീഷണിപ്പെടുത്തി അവരില്‍നിന്ന് അറവുനിര്‍ത്താനുള്ള കരാര്‍പത്രങ്ങള്‍ ‘ഇഖ്‌റാര്‍ നാമ’ എന്ന പേരില്‍ എഴുതിവാങ്ങുകയും ചെയ്തിരുന്നു.
1880 കളില്‍ പശുവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈക്കോടതി പശു മതചിഹ്നമല്ലെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ലെന്നും 1888 ല്‍ വിധി പ്രസ്താവിച്ചുവെങ്കിലും പ്രസ്തുത ഹൈക്കോടതി വിധിയെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണാവസരമായിക്കണ്ട ‘ഗോരക്ഷിണി സഭ’ തുടര്‍ന്ന് 1893 ല്‍ അസംഗഢിലും 1912 ല്‍ അയോധ്യയിലും 1917 ല്‍ ശാഹാബാദിലും ഇന്ത്യന്‍ മതനിരപേക്ഷ സ്വഭാവത്തിന് മേല്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള കലാപങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. അത് പോലെ തന്നെ ഹിന്ദുരാഷ്ട്രം ഗോമാതാവിനും സരസ്വതി മാതാവിനും ഭൂമി മാതാവിനും സമര്‍പ്പിക്കപ്പെട്ടതായിരിക്കണമെന്ന ആര്യ സമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയുടെ പ്രസ്താവനയും മനുസ്മൃതിയില്‍ അധിഷ്ഠിതമായിട്ടുള്ള ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
1966 നവംബര്‍ 7 ന് ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിശ്വ ഹിന്ദു പരിഷത്താകട്ടെ ഏകശിലാ നിര്‍മിതവും മനു സ്മൃതിയിലധിഷ്ഠിതവുമായ ഹിന്ദുത്വ വര്‍ഗീയ ദേശീയതക്കായുള്ള ആഹ്വാനം മുഴക്കുകയും ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് രാജ്യത്താകമാനം വര്‍ഗീയ ധ്രുവീകരണത്തിന്നുള്ള ശ്രമം നടത്തുകയും ചെയ്തു. ചത്തപശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തു എന്ന കുറ്റമാരോപിച്ചു കൊണ്ട് 2002ല്‍ ഹരിയാനയിലെ ഹിജാറില്‍ 50 ദളിതരെ സവര്‍ണവാദികള്‍ നിഷ്ഠൂരമായി പെരുവഴിയിലിട്ട് തല്ലിക്കൊന്ന സംഭവവും ഇന്ത്യ ദര്‍ശിച്ച ഹിംസാത്മക കാവി ദേശീയവാദത്തിന്റെ പ്രത്യക്ഷവും ക്രൂരവുമായ ഉദാഹരണങ്ങളിലൊന്നായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍, 2015ല്‍ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ 52 വയസുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞാണ് ഹിന്ദുത്വ ഭീകരര്‍ കൊല ചെയ്തത്. 2016 ല്‍ ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് കുടുംബത്തെ നഗ്‌നരാക്കി നിര്‍ത്തി കെട്ടിയിട്ട് മര്‍ദ്ദിച്ചതും 2017ല്‍ രാജസ്ഥാനില്‍ കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ അടിച്ച് കൊന്നതും 2024 ഡിസംബര്‍ 30ന്, മൊറാദാബാദില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ പാഞ്ഞടുത്ത അക്രമിക്കൂട്ടം മുഹമ്മദ് ഷാഹിദീന്‍ ഖുറേഷിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമെല്ലാം ഹിന്ദു വംശീയ രാഷ്ട്രീയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ തന്നെയായിരുന്നു.
2010ല്‍, ആര്‍.എസ്.എസ് അനുബന്ധ സ്ഥാപനമായ ‘ഗോ വിജ്ഞാന് അനുസന്ധന്‍ കേന്ദ്ര’ ഗോമൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കാന്‍സര്‍ വിരുദ്ധ മരുന്നിന് യുഎസ് പേറ്റന്റ് നേടിയതായി രണ്ട് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള സംഘ് പരിവാറിന്റെ വര്‍ഗീയ വത്കരണ അജണ്ടകളെ തുറന്നെതിര്‍ക്കുന്നുവെന്നുള്ളത് കൊണ്ട് തന്നെ വര്‍ഗീയ മനസ്സുകളുടെ ഭാവനയില്‍ വിരിയുന്ന കുതന്ത്രങ്ങളിലൂടെ കേരളത്തെ വൈകാരിമായി അവഹേളിച്ചും വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചും ആത്മനിര്‍വൃതിയടയുന്ന മാനസികാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിലൂടെ ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. കേരളത്തിനെതിരെ വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നത് അവകാശമായി കരുതി ഇവിടെയുള്ള മതനിരപേക്ഷ സംസ്‌കാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ എത്ര തന്നെ ശ്രമിച്ചാലും സംഘ്പരിവാര്‍ കാവിവത്കരണത്തിന്റെ കുത്തഴിഞ്ഞ പരീക്ഷണശാലയായി മാറാന്‍ കേരളത്തെ കിട്ടില്ല എന്ന് മാത്രം ഈയവസരത്തില്‍ സൂചിപ്പിക്കുന്നു.