ഓഫീസ് ജോലികളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിവാക്കാന്‍ ഒരുങ്ങി ആമസോണ്‍. 14,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എ ഐ യുഗത്തില്‍ ചെലവ് ചുരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനിയിലെ വിവിധ മേഖലകളില്‍ നിന്ന് അംഗബലം വെട്ടിക്കുറച്ച്കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവാനാണ് തീരുമാനം. അതേസമയം പ്രധാന തസ്തികകളിലേക്ക് നിയമനം തുടരുമെന്നും, ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ആ തസ്തികകളിലേക്ക് മുന്‍ഗണന നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. പിരിച്ചുവിടലുകള്‍ ഇതോടെ അവസാനിക്കുന്നില്ലെന്നും, കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടന്ന സൂചനയും നല്‍കിയിട്ടുണ്ട്. ആമസോണ്‍ 30,000 പേരെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ക്കും ഈ പ്രഖ്യാപനം ശരിവെക്കുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ജീവനക്കാര്‍ക്ക് ജോല് നഷ്ടമാകും. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ പുതിയ അവസരങ്ങള്‍ തേടാന്‍ 90 ദിവസം സമയം നല്‍കും. അങ്ങനെ ജോലി ലഭിക്കാത്തവര്‍ പിരിച്ചുവിടല്‍ ശമ്പളവും അധിക ആനുകൂല്യം നല്‍കുമെന്നും ആമസോണ്‍ അറിയിച്ചു. ‘ഈ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുയാണ്. ഇന്റര്‍നെറ്റിന് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് എഐ. മുമ്പൊരിക്കലും ഇല്ലാത്തവിധം നിലവിലെ വിപണിയിലും പുതിയ വിപണികളിലും വേഗത്തില്‍ നൂതനത്വം കൊണ്ടുവരാന്‍ അത് കമ്പനികളെ പ്രാപ്തമാക്കുന്നു.’ എന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗലേട്ടി പറഞ്ഞു. 2026-ല്‍ ഈ പിരിച്ചുവിടലുകള്‍ക്കൊപ്പം പുതിയ നിയമനങ്ങളും ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.