india

ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന

By webdesk17

December 25, 2025

ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന. ആയുധങ്ങളുമായി എത്തിയ സര്‍വ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 24നായിരുന്നു സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് സര്‍വ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മാളില്‍ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകര്‍ത്തു.

ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും അലങ്കാരങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി.

ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു.