india

ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ സിലബസില്‍ ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്താന്‍ നീക്കം

By webdesk18

October 01, 2025

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്താന്‍ നീക്കം. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ പൗരബോധം, ധാര്‍മ്മിക ഭരണം, ദേശീയത എന്നിവ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനായാണ് സിലബസില്‍ ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്തുന്നതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദിന്റെ വാദം. ആര്‍എസ്എസിന്റെ ഉത്ഭവം, ചരിത്രം, തത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവന എന്നിവ പഠിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ സംഭാവനകളെക്കുറിച്ചും പാഠ്യപദ്ധതിയിലുണ്ടാകും. ഇതിനായി എസ്‌സിഇആര്‍ടി അധ്യാപക മാനുവലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.