kerala

കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്തുവീണ് ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By webdesk17

October 12, 2024

കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്തുവീണ് ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതിക്കമ്പി ദേഹത്തുവീണാണ് മരണം.

വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് എന്താണെന്നറിയാന്‍ പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു.

സംസാരശേഷിയില്ലാത്ത ആളാണ് തങ്കമണി. അതുകൊണ്ടു തന്നെ അപകടമുണ്ടായത് ആരും അറിഞ്ഞില്ല. എന്നാല്‍ തങ്കമണിയെ തിരിച്ചു വരുന്നത് കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ ഷോക്കേറ്റുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പരിയാരം മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.