india

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

By webdesk18

March 20, 2025

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ തുറമുഖ പ്രദേശത്താണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തില്‍ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും ദൃശ്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നും പറഞ്ഞു. ”കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകള്‍ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കര്‍ണാടക പോലുള്ള ഒരു പരിഷ്‌കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം, ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.