കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് പിന്നാലെ ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെജീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. റെജീലയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിമായി സജീര്‍ ഒരു ഉസ്താദിനെ സമീപിച്ചിരുന്നു. ഉസ്താദ് നല്‍കിയ ചെമ്പു തകിടും ഭസ്മവും സജീര്‍ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ ഭാര്യയോട് സജീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ റെജീല തയ്യാറായില്ല. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ വീണ്ടും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.