Article

സമസ്ത ശതാബ്ദിയുടെ വെളിച്ചത്തില്‍

By Akhila

February 04, 2026

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മുസ്‌ലിം ജനസാമാന്യത്തിന്റെ ആത്മീയ നേതൃത്വമായി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപംകൊണ്ട ഈ പണ്ഡിതസഭ, സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിക ജീവിതക്രമത്തിന്റെ കരുത്താര്‍ന്ന പ്രതീകമാണ്. മതത്തിന്റെ പേരില്‍ സ്വയം നിര്‍മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല. മറിച്ച്, ലോകത്തെ മുസ്‌ലിം മഹാഭൂരിപക്ഷം നൂറ്റാണ്ടുകളായി സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തുവന്ന വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ നയനിലപാടുകളും സമീപനരീതികളും അതേ തനിമയോടെ സംരക്ഷിച്ചുനിര്‍ത്തുക എന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടുകാലമായി കേരളത്തില്‍ സമസ്ത നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഈ ദൗത്യം, മതകാര്യങ്ങളില്‍ കൃത്യവും കണിശവുമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, ഓരോ ഇടപെടലും സാമൂഹിക സമാധാനത്തെയും സാംസ്‌കാരിക സുതാര്യതയെയും സ്പര്‍ശിക്കുന്നതാണ്.

കേരളത്തിലെ ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ചരിത്രം, പ്രവാചകകാലത്തോളം പഴക്കമുള്ളതാണെന്നതാണ് ചരിത്രസൂചനകള്‍ നല്‍കുന്ന ദൃഢമായ സന്ദേശം. അങ്ങനെയെത്തിയ മതബോധം, അതിന്റെ തനിമയും വിശുദ്ധിയും ചോര്‍ന്നുപോകാതെ തലമുറകളിലൂടെ കൈമാറപ്പെടുന്നതില്‍, ഓരോ കാലഘട്ടത്തിലെയും കേരളീയ പണ്ഡിതന്മാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തി. ഇതിനിടയില്‍, മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാനുസൃതമായി പുതിയ ചിന്താപ്രസ്ഥാനങ്ങളും വ്യാഖ്യാനധാരകളും ഉയര്‍ന്നുവന്നു. അവ പലപ്പോഴും കടുത്ത വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു. അത്തരം ഭിന്നതകള്‍ കേരളത്തെ ബാധിക്കാതിരിക്കാന്‍, ഇവിടുത്തെ പണ്ഡിത മഹത്തുക്കള്‍ അതീവ ജാഗ്രതയോടെ കോട്ടകെട്ടി നിന്നു. എന്നാല്‍, ഈ സുദീര്‍ഘമായ സംരക്ഷണപരമ്പരയെ വെല്ലുവിളിച്ചുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഹാബിസം പോലുള്ള ചില ചിന്താപ്രസ്ഥാനങ്ങള്‍ കേരള മുസ്‌ലിം സമൂഹത്തിലേക്കും നുഴഞ്ഞുകയറാന്‍ തുടങ്ങി. പാരമ്പര്യ വിശ്വാസങ്ങളെയും ആത്മീയാചാരങ്ങളെയും ചോദ്യം ചെയ്യുന്ന ഈ പ്രവണതകള്‍, സമൂഹത്തില്‍ ആശയകുഴപ്പത്തിനും വിഭജനത്തിനും വഴിയൊരുക്കുമെന്ന തിരിച്ചറിവ് പണ്ഡിതന്മാര്‍ക്ക് വ്യക്തമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ ആദര്‍ശങ്ങളും സമീപനങ്ങളും സംരക്ഷിക്കുവാന്‍ പണ്ഡിതര്‍ ഒരുമിച്ചു രംഗത്തിറങ്ങുകയും അതിന്റെ ഫലമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപംകൊള്ളുകയും ചെയ്തത്.

ആ ദൗത്യത്തില്‍ സമസ്ത പൂര്‍ണമായി വിജയിച്ചു എന്നുതന്നെ പറയാം. ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും മതകാര്യങ്ങളില്‍ സമസ്തയുടെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍, സമസ്ത കേരളത്തിന്റെ മതചരിത്രത്തിലെ ഒരു സംഘടന മാത്രമല്ല; പാരമ്പര്യവും സമാധാനവും ഉത്തരവാദിത്വവും ചേര്‍ന്ന് രൂപംകൊണ്ട ഒരു ജീവിക്കുന്ന പൈതൃകമായി നിലകൊള്ളുകയാണ്. ആദര്‍ശ സംരക്ഷണത്തെ പ്രസ്ഥാനത്തിന്റെ പ്രാഥമിക ദൗത്യമായി കാണുമ്പോഴും ഈ നാടിന്റെയും സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമഗ്ര പുരോഗതിയെ ഒരിക്കലും അവഗണിക്കാത്ത സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. സമൂഹത്തിലെ ദുര്‍ബരെ ചേര്‍ത്തുപിടിച്ച് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സമസ്ത ചെയ്തത്. നിരവധി സഹായ കൈമാറ്റങ്ങളിലൂടെ പലരുടെയും കണ്ണീരൊപ്പാനും ആശ്രയമാവാനും സാധിച്ചിട്ടുണ്ട്. 1934ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയുടെ ഭരണഘടനയില്‍, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ അഞ്ചാമത്തെ വകുപ്പ് സമസ്തയുടെ സാമൂഹികദര്‍ശനത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതാണ്.

അതില്‍ പറയുന്നത് ഇപ്രകാരമാണ്: ‘മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം മുതലായവയെ നശിപ്പിച്ച്, സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക’. ഈ ഒരു വകുപ്പില്‍തന്നെ, സമുദായ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ അംശങ്ങളും സംക്ഷിപ്തമായി അടങ്ങിയിട്ടുണ്ട്. മതപരമായ ശുദ്ധിയും സാമൂഹിക ഐക്യവും നൈതികബോധവും ബൗദ്ധിക ജാഗ്രതയും ഇവയെല്ലാം സമസ്ത അതിന്റെ ദൗത്യത്തിന്റെ ഭാഗമാക്കി. അതുകൊണ്ടുതന്നെ, കാലാകാലങ്ങളില്‍ സമുദായ ഐക്യത്തെയും വിശ്വാസഘടനയെയും തകര്‍ക്കാന്‍ ഇടയാക്കുന്ന വിവിധ ചിന്താപ്രസ്ഥാനങ്ങള്‍ക്കെതിരേ സമസ്ത പണ്ഡിതന്മാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. വഹാബിസം, ഖാദിയാനിസം, മൗദൂദിസം, തബ്‌ലീഗിസം, ചേകന്നൂരിസം, കപട സൂഫിസം തുടങ്ങിയ പ്രവണതകള്‍ക്കെതിരേ സമസ്ത രംഗത്തിറങ്ങിയത്, വ്യക്തിപരമായ വിരോധത്തിനോ സംഘടനാതാല്‍പര്യങ്ങള്‍ക്കോ വേണ്ടിയല്ല. മറിച്ച്, അവ സമുദായത്തിന്റെ ആത്മീയാടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ഐക്യവും കെട്ടുറപ്പും തകര്‍ക്കുകയും ചെയ്യുന്ന ചിന്താധാരകളാണെന്ന ഗൗരവമായ തിരിച്ചറിവില്‍ നിന്നാണ് ആ പ്രതിരോധം രൂപപ്പെട്ടത്.

അതേസമയം, ആദര്‍ശവിഷയങ്ങളില്‍ ഇങ്ങനെ കണിശമായ സമീപനം സ്വീകരിച്ചിരുന്നെങ്കിലും സമുദായത്തിന്റെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്‍, വിഷയാധിഷ്ഠിതമായി എല്ലാവരോടും സഹകരിക്കാന്‍ സമസ്ത എപ്പോഴും തയാറായിരുന്നു. 1985 ലെ ശരീഅത്ത് വിവാദം ഇതിന് ഏറ്റവും മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ ഉദാഹരണമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മുസ്‌ലിം വ്യക്തിനിയമത്തെ പതുക്കെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങള്‍ ശക്തമായപ്പോള്‍, അതിനെതിരേ മുസ്‌ലിം ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ ആ പ്രക്ഷോഭങ്ങള്‍ക്ക് ദിശയും നേതൃത്വവും നല്‍കിയതാകട്ടെ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അന്നത്തെ കാര്യദര്‍ശിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ ആയിരുന്നു. ഇതര സമുദായങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും ജീവിക്കണമെന്ന വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ നിലപാട് ജീവിതതലത്തില്‍ ഉറച്ചുനിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. സാമുദായിക ബന്ധങ്ങളെ തകര്‍ക്കുന്ന ഏത് ചെറുനീക്കമായാലുംഅത് അകത്തുനിന്നായാലും പുറത്തുനിന്നായാലുംസമസ്ത ഒരിക്കലും അംഗീകരിച്ചില്ല.

സമൂഹങ്ങള്‍ക്കിടയിലെ വിശ്വാസവും സൗഹൃദവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ, അത്യന്തം ജാഗ്രതയോടെയും കണിശതയോടെയും തന്നെയാണ് സമസ്ത പ്രതിരോധിച്ചത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട വികാരാഭിമുഖമായ അന്തരീക്ഷത്തെ ചൂഷണം ചെയ്ത് രംഗത്തുവന്ന വിവിധ കക്ഷികളെ, സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം തകരാതിരിക്കാന്‍ സമസ്ത തുടക്കത്തിലേ നിയന്ത്രിച്ചുനിര്‍ത്തി. തീവ്രവാദ ആശയങ്ങളുള്ള സംഘടനകളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതിനൊപ്പം രാജ്യത്തെ സൗഹൃദത്തിനും സമാധാനത്തിനും വിള്ളലുണ്ടാക്കുന്ന ഓരോ ചലനങ്ങളെയും എതിര്‍ക്കാന്‍ എന്നും മുന്നണിയിലുണ്ടായിരുന്നു.

1921 ലെ മലബാര്‍ കലാപത്തിനു ശേഷമുള്ള കാലഘട്ടം, രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അനിശ്ചിതത്വവും നിറഞ്ഞ ഒരു ഘട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, വികാരാഭിമുഖമായ നിയമവിരുദ്ധ പോരാട്ടങ്ങളിലേക്കും അനാവശ്യ വിപ്ലവങ്ങളിലേക്കും സമൂഹം വഴുതിപ്പോകാതിരിക്കാനും മുസ്‌ലിം സമുദായത്തിന് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്‍കാനും സമസ്ത ധൈര്യപൂര്‍വം മുന്നിട്ടിറങ്ങി. അരാജകമാര്‍ഗത്തിലേക്ക് നീങ്ങരുതെന്നും മാന്യവും ഉത്തരവാദിത്വവുമുള്ള മാര്‍ഗങ്ങളിലൂടെയാണ് അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതെന്നും സമസ്ത നിരന്തരം ആഹ്വാനം ചെയ്തു. അതേസമയം, സമുദായത്തിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും കവര്‍ന്നെടുക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചപ്പോള്‍, അതിനെതിരേ മൗനമായി നില്‍ക്കാനും സമസ്ത തയാറായില്ല. 1929 ല്‍ വിവാഹപ്രായവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് സര്‍ക്കാര്‍ കൊണ്ടുവന്ന സാരദാ ആക്ട് ഇതിന് ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു. മതവും ലൗകികതയും തമ്മില്‍ ഏറ്റുമുട്ടാതെ, പരസ്പരം പൂരകങ്ങളായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാക്കുക എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഈ ദര്‍ശനം സമസ്തയുടെ ഭരണഘടനയില്‍ തന്നെ വ്യക്തമായി പ്രതിഫലിക്കുന്നു. അതിലെ ഡി. വകുപ്പ് പറയുന്നത് ഇപ്രകാരമാണ്: ‘മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയങ്ങളിലും വേണ്ടത് ചെയ്യുക’.

ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, 1928 ല്‍ തന്നെ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടത് സമസ്തയായിരുന്നു. 1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനം, മലബാറില്‍ മത–വൈജ്ഞാനിക കേന്ദ്രങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ സമൂഹത്തോട് ശക്തമായി ആഹ്വാനം ചെയ്തു. ഈ ശ്രമങ്ങളുടെ ക്രമബദ്ധമായ തുടര്‍ച്ചയായാണ് 1951 ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപംകൊണ്ടത്. ഇന്ന്, ലോകത്ത് തന്നെ അപൂര്‍വമായ ഒരു മാതൃകയായി, ഈ വിദ്യാഭ്യാസ സംവിധാനം ആയിരക്കണക്കിന് കുട്ടികള്‍ക്ക് മതബോധവും നൈതിക അടിത്തറയും നല്‍കി മുന്നേറുകയാണ്. ഇന്ന് കേരളത്തില്‍ 6000 ലധികം മഹല്ലുകളും പതിനൊന്നായിരത്തിലധികം മദ്രസകളും നിരവധി അറബി കോളജുകളും പള്ളിദര്‍സുകളും സമസ്തയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും, മലയാളികള്‍ തിങ്ങി താമസിക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സമസ്തയുടെ പ്രവര്‍ത്തനം വ്യാപിച്ചു. അടുത്ത കാലത്ത്, ഉത്തരേന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹിക നവോത്ഥാന സംരംഭങ്ങളും ആരംഭിച്ചുകൊണ്ട്, സമസ്ത തന്റെ ദൗത്യപരിധി കൂടുതല്‍ വിശാലമാക്കുകയും ചെയ്യുന്നു. നൂറ്റാണ്ടിന്റെ നിറസാന്നിധ്യമായി ജ്വലിച്ചു നിന്ന് സമസ്തയുടെ ഈ വെളിച്ചം അടുത്ത നൂറ്റാണ്ടിലേക്കും അടുത്ത തലമുറകളിലേക്കും എത്തേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.