editorial

അനാസ്ഥയില്‍ പൊലിയുന്ന ജീവനുകള്‍

By Akhila

February 25, 2026

നൂറ്റാണ്ടുകളുടെ വ്യാപാരപ്പെരുമയുള്ള ഇടമാണ് കോഴിക്കോട് വലിയങ്ങാടി. നേരവും കാലവുമില്ലാതെ സത്യസന്ധമായ വ്യാപാരത്തിന്റെ വലിയവര്‍ത്തമാനങ്ങള്‍ മുഴങ്ങാറുള്ള വലിയങ്ങാടി പക്ഷേ തിങ്കളാഴ്ച്ച ഉച്ചമുതല്‍ കനത്ത നിശബ്തദയിലാണ്. ആ നിമിഷംവരെ അവരോടൊപ്പമുണ്ടായിരുന്ന, അവരുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍വെച്ച പിടഞ്ഞുമരിക്കുന്നതിന് മൂകസാക്ഷികളാകേണ്ടിവന്നതാണ് ഈ നിശബ്ദതക്ക് കാരണം. അധികാരികളുടെ അനാസ്ഥയുടെ ഇരകളാണ് ഈ നാലുജീവനുകളുമെന്നത് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാണ്.

വലിയങ്ങാടിയിലെ തൊഴിലാളികള്‍ അധ്വാനത്തിന്റെ പ്രതീകങ്ങളാണ്. കുടുംബം പുലര്‍ത്തുന്നതിനുവേണ്ടിയുള്ള കാലമോ കാലാവസ്ഥയോ നോക്കാതെയുള്ള അവരുടെ അത്യദ്ധ്വാനം പ്രസിദ്ധമാണ്. തൊഴിലിടങ്ങളിലെ സജീവതക്കൊപ്പം മഹാ നഗരത്തിന്റെ കാവല്‍ക്കാരായി നിലകൊള്ളുന്നവരാണവര്‍. നഗരത്തിന്റെ വേഗതക്കും ജീവിതത്തിന്റെ തിരക്കിനുമിടയിലുണ്ടാകുന്ന എല്ലാ പ്രയാസങ്ങളിലും പ്രതിസന്ധികളിലും അതിലകപ്പെട്ടവരെ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്‍നിരയിലുണ്ടാകുന്നവരാണ് വലിയങ്ങാടിയിലെ തൊഴിലാളികള്‍. അതുകൊണ്ട്തന്നെ ഈ ദുഖം ഒരു നഗരത്തെ മാത്രമല്ല, നാടിനെയൊന്നടങ്കം ഈറനണിയിക്കുകയാണ്.

വലിയങ്ങാടിയിലെ അപകടത്തെക്കുറിച്ച് വിലയിരുത്തുമ്പോള്‍ അധികൃതരുടെ അനാസ്ഥയുടെ ആഴം ഒറ്റനോട്ടത്തില്‍ തന്നെ കൃത്യമായി ബോധ്യപ്പെടും. കാലാവധി കഴിഞ്ഞ, മൂന്നുവര്‍ഷം മുമ്പ് ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച അതേകെട്ടിടത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ബാധം അനുമിതി നല്‍കുകയും അവരില്‍ നിന്ന് വാടക ഈടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് എന്നതില്‍ തന്നെ അനാസ്ഥയുടെ എല്ലാ വശങ്ങളുമുണ്ട്. പ്രസ്തുത കെട്ടിടത്തിലെ കടകളില്‍ നിന്ന് ഈ അഞ്ചാം തിയ്യതിയും കോര്‍പറേഷന്‍ വാടക കൈപ്പറ്റി എന്നുമാത്രമല്ല, ആഴ്ച്ചകള്‍ക്കുമുമ്പാണ് കെട്ടിടത്തില്‍ ഒരു കട തുറക്കാന്‍ അനുമതി നല്‍കിയത്. കാലപ്പഴക്കമാണ് കെട്ടിടത്തിന്റെ അപകടകാരണമെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. 1977 ല്‍ നിര്‍മിച്ച കെട്ടിടത്തിന് പഴക്കം അന്‍പതുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.

ബീച്ച് ഫയര്‍‌സ്റ്റേഷനുവേണ്ടി അധികൃതര്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ കെട്ടിടമാണ് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയുമെല്ലാം സുരക്ഷിതത്വത്തിന്റെ മുകളില്‍ വലിയ ചോദ്യചിഹ്നമായി ഇത്രയുംകാലം പ്രവര്‍ത്തിച്ചിരുന്നത്. റമസാനിലെ പ്രത്യേക സാഹചര്യമായതിനാലും ഭാഗ്യംകൊണ്ടുംമാത്രമാണ് സദാസമയവും ജനനിബിഢമായ ഈ സ്ഥലത്ത് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയെങ്കിലും കുറഞ്ഞത്. സാധാരണഗതിയില്‍ തൊഴിലാളികളും കച്ചവടക്കാരുമായി 200 പോരെങ്കിലും സദാസമയവും കൂടിനില്‍ക്കാറുള്ള കെട്ടിടത്തിലും പരിസരത്തും അപകടം സംഭവിക്കുന്ന സമയത്ത് ഏഴുപേര്‍ മാത്രമേ ഉണ്ടായിരുന്നൂള്ളൂ. ഇതില്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങുകയും ഒരാള്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. രണ്ടുപേര്‍ ശബ്ദംകേട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുമെല്ലാം മകുടോദാഹരണമായാണ് കോഴിക്കോട് കേര്‍പറേഷന്‍ ഭരണസമിതി അറിയപ്പെടുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും മുന്നില്‍ നിയമങ്ങളും ചട്ടങ്ങളുമെല്ലാം ഇവിടുത്തെ ഇടതു ഭരണസമിതിക്ക് വെറും നോക്കുകുത്തിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ എട്ടുനിലയില്‍ പൊട്ടിയതും തീര്‍ത്തും ഏകപക്ഷീയമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തിയിട്ടും തിരഞ്ഞെടുപ്പില്‍ ചക്രശ്വാസം വലിച്ചതും ജനങ്ങളുടെ പ്രതികാരമായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനോ തിരുത്താനോ തയാറാകാത്ത ഭരണസമിതി പഴയപല്ലവി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

അതിന്റെ പ്രതിഫലനമാണ് വലിയങ്ങാടിയില്‍ ദൃശ്യമായത്. തകര്‍ന്നുവീണ കെട്ടിടത്തിന് സമാനമായി കോഴിക്കോട് നഗരപരിധിയില്‍ ഉപയോഗയോഗ്യമല്ലെന്ന് അധികൃതര്‍തന്നെ സാക്ഷ്യപ്പെടുത്തിയ നിരവധികെട്ടിടങ്ങള്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭരണസമിതിയുടെയും പാര്‍ട്ടി നേതാക്കളുടെയും പലവിധത്തിലുള്ള ഇടപെടലുകളാണ് നിയമത്തിന്റെ കൈകള്‍ ഇവക്കെതിരെയൊന്നും നീളാതിരിക്കുന്നത്. മറ്റൊരപകടത്തിന് സാക്ഷിയാകുമ്പോള്‍ മുതലക്കണ്ണീരുമായി വീണ്ടുമെത്തുകയും നിയമത്തെക്കുറിച്ചും നടപടികളെക്കുറിച്ചും വലിയ വായില്‍ സംസാരിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഈ നഗരത്തിനൊരു ബാദ്ധ്യതയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവിലയെങ്കിലും കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇനിയെങ്കിലും ഈ ബിനാമിപ്പണികള്‍ അവസാനിപ്പിച്ച് നിയമംനടപ്പിലാക്കാനുള്ള ആര്‍ജ്ജവംഭരണകൂടം പ്രകടിപ്പിക്കേണ്ടതുണ്ട്.