രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്തിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സാധാരണ കീപ്പാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് അനുമതി.
ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനാണ് അനുവാദം. വീടിനു പുറത്തേക്ക് സ്മാർട്ട്‌ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ല.
സ്ത്രീകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിനെ തുടർന്ന് അവരുടെ കണ്ണുകൾക്ക് ദോഷമുണ്ടാകുമെന്ന ആശങ്കയാണ് വിലക്കിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. കൂടാതെ, കുടുംബങ്ങളിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനും ഈ നിയന്ത്രണം സഹായിക്കുമെന്ന വിശ്വാസവും അവർ പങ്കുവെക്കുന്നു.
എന്നാൽ, സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സാങ്കേതിക വിദ്യയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്ന ഇത്തരം നടപടികൾ സാമൂഹിക പിന്നാക്കാവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.