kerala

താമരശേരിയില്‍ മുസ്ലീം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച്‌ വിദ്വേഷ പ്രചരണം നടത്തി, യുവാവ് അറസ്റ്റില്‍

By webdesk13

June 09, 2024

താമരശേരിയില്‍ മുസ്ലിം പള്ളിക്കുള്ളില്‍ കയറി വീഡിയോ ചിത്രീകരിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്ത യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് പിടിയിലായത്. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിക്കുകയും വിദ്വേഷം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു.

പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്നും പറഞ്ഞ് ജയ് ശ്രീറാം വിളിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. രണ്ടാമത്തെ വീഡിയോയില്‍ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്.ഇന്ന് ഉച്ചയോടെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതു പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജയ് പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.