editorial

ലേബര്‍ കോഡിലും സി.ജെ.പി

By Lubna Sherin K P

November 27, 2025

നിലവിലുള്ള 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്ര സംഘടനയായ സര്‍ക്കാര്‍ കൊണ്ടുവന്ന നാലു ലേബര്‍കോഡുകള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍, ലേബര്‍കോഡ് നടപ്പാക്കാന്‍ വേണ്ടി കരട് ചട്ടങ്ങള്‍ തയാറാക്കി തൊഴിലാളി സമൂഹത്തെ കൊലക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടി സി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ പതിപ്പായി ത്തീര്‍ന്നിരിക്കുകയാണ്. ലേബര്‍കോഡുകള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളികളും കടുത്ത ഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന്റെ തൊഴിലാളി സി.ഐ.ടി.യുവിനെ പോലും ഇരുട്ടില്‍നിര്‍ത്തിക്കൊണ്ടുള്ള ഈ നടപടി ബി.ജെ.പി സി.പി.എം അന്തര്‍ധാരയുടെ ആഴം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

നാലുകോഡുകളിലൊന്നായ വേതന കോഡിലാണ് സംസ്ഥാ ന സര്‍ക്കാര്‍ കരടുചട്ടം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടത്തിന്റെ കരട് തയാറാക്കിയതായി അറിയില്ലെന്നാണ് സി.ഐ.ടിയുവും എ.ഐ.ടി.യു.സിയും വ്യക്തമാക്കിയിരിക്കുന്നത്. ഘടക കക്ഷികളോ മന്ത്രി സഭയോ പോലും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് സമാനമായി നീക്കത്തിനു തന്നെയാണ് ഇവിടെയും ശ്രമം നടന്നിട്ടുള്ളത്.

പി.എം ശ്രീയില്‍ മുന്നണിയില്‍ നിന്നും കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്നുമേറ്റ കനത്ത തിരിച്ചടിയില്‍ മുഖം കെട്ടുനില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ അതേ രീതിയില്‍തന്നെ കേന്ദ്രവുമായി മറ്റൊരു ഒത്തുകളിക്കുകൂടി നേതൃത്വം നല്‍കുമ്പോള്‍ ഈ സര്‍ക്കാറിനെ ആരാണ് നിയന്ത്രിക്കുന്നത് എന്ന ചോദ്യമാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്. എന്തു തിരിച്ചടിയുണ്ടായാലും എത്രനാണംകെട്ടാലും അവിഹിത ഇടപാടുകളില്‍ നിന്ന് തങ്ങള്‍ക്ക് പിന്തിരിയാനാവില്ല എന്ന ദൃഢനിശ്ചവുമായുള്ള പിണറായി സര്‍ക്കാറിന്റെ നിഗമനം ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

തൊഴിലാളികളുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്നതും മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്ന കാര്യത്തില്‍ രാജ്യത്തെ തൊഴിലാളികള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസിനുപോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പലകോഡുകളും. നിലവിലുള്ള തൊഴില്‍ നിയമങ്ങളിലെ തൊഴിലാളിപക്ഷ വ്യവസ്ഥകളെല്ലാം ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ആണ് കോഡിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനോ തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങള്‍ തേടാനോ പോലും തയാറാകാത്ത പ്രസ്തുത നിയമങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ കോര്‍പറേറ്റുകള്‍ക്കുള്ള സ്തുതിഗീതമാണ്. ഐ.എല്‍.ഒ. പ്രമാണം 144 അനുസരിച്ച് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയ ശേഷമേ ആകാവൂ.

ഇന്ത്യ അംഗീകരിച്ച പ്രമാണമാണിത്. ഇത് ലംഘിക്കുന്നതാണ് പുതിയ ലേബര്‍ കോഡുകള്‍ . ലേബര്‍ കോഡുകള്‍ സംബന്ധിച്ച് ദേശീയ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയില്ല. വര്‍ഷങ്ങളായി നിലനിന്നിരുന്ന ത്രികക്ഷി സമ്മേളനം ‘ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്’ (ഐ.എല്‍.സി.) ചേരുന്നത് മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചു. തൊഴിലാളി വിരുദ്ധ നടപടികള്‍ നടപ്പാക്കാന്‍ ട്രേഡ് യൂണിയനുകള്‍ തടസ്സമാണെന്ന് സര്‍ ക്കാര്‍ കരുതുന്നു.

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ്, ട്രേഡ് യൂണിയനുക ളുടെ രജിസ്‌ട്രേഷനും അംഗീകാരവും ദുഷ്‌കരമാക്കിയിരിക്കുന്നു. ഒരു വ്യവസായ സ്ഥാപനത്തിലെ ട്രേഡ് യൂണിയനില്‍ പുറമേനിന്നുള്ളവര്‍ ഭാരവാഹികളാവാന്‍ പാടില്ലെന്ന് ഐ.ആര്‍. കോഡ് വ്യവസ്ഥ ചെയ്യുന്നു. പണിമുടക്ക് സമരം നിരോധിക്കാന്‍ അവകാശം നല്‍കുന്നു പുതിയ ലേബര്‍ കോഡുകള്‍.

തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയ ശേഷം തര്‍ക്കത്തില്‍ ഒരു സന്ധി സംഭാഷണത്തിന് വിളിച്ചാല്‍ പിന്നീട് പണിമുടക്കുന്നത് ഐആര്‍ കോഡ് നിയമവിരുദ്ധമാക്കി. ഈ സന്ധി സംഭാഷണം എത്രസമയം കൊണ്ട് തീര്‍ക്കണമെന്ന് കോഡില്‍ വ്യവസ്ഥയില്ല. വര്‍ഷങ്ങളോളം നീട്ടാം. ഇത് തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിക്കും. ‘നിയമവിരുദ്ധം’ എന്നു കണക്കാക്കുന്ന പണിമുടക്കിലേര്‍പ്പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് ഒരു ദിവസത്തെ പണിമുടക്കിന് എട്ടു ദിവസത്തെ വേതനം എ ന്ന തോതില്‍ പിടിച്ചെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവകാശം നല്‍കുന്നു.