kerala

വയനാട്ടില്‍ 8 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 7 പേര്‍; നടപടി വേണമെന്ന് നാട്ടുകാർ

By webdesk14

December 10, 2023

എട്ടുവര്‍ഷത്തിനിടെ ഏഴുപേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം രണ്ട് മനുഷ്യ ജീവനുകള്‍ കടുവയെടുത്തു. ഇന്നലെ ഒടുവിലായി വാകേരി സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 2015 മുതലാണ് കടുവയെടുത്ത മനുഷ്യ ജീവിന്റെ കണക്ക്, രേഖകള്‍ സഹിതം വനംവകുപ്പ് സൂക്ഷിക്കാന്‍ തുടങ്ങിയത്. 2015ല്‍ മാത്രം വയനാട്ടില്‍ മൂന്നുപേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

2015 ഫെബ്രുവരി 10ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്ന് സ്വദേശി ഭാസ്‌കരനും പിന്നീട് ഇതേ വര്‍ഷം ജൂലൈയില്‍ കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2015 നവംബറില്‍ തോല്‍പ്പെട്ടി റേഞ്ചിലെ വനം വാച്ചര്‍ കക്കേരി കോളനിയിലെ ബസവയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പിന്നീട് നാലു വര്‍ഷം കഴിഞ്ഞാണ് വയനാട്ടില്‍ മറ്റൊരു കടുവ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ടു ചെയ്തത്.2019 ഡിസംബര്‍ 24ന് സുല്‍ത്താന്‍ ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. പക്ഷേ തിരിച്ചു വന്നില്ല. തിരഞ്ഞു പോയവര്‍ ജഡയന്റെ ചേതനയറ്റ മൃതദേഹമാണ് കണ്ടത്. കടുവയുടെ ആക്രമണത്തില്‍ മാരകമായി മുറിവേറ്റ് ,ശരീര ഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം.തൊട്ടടുത്ത വര്‍ഷം ജൂണ്‍ 16ന് വീണ്ടും കടുവ മനുഷ്യനെ പിടിച്ചു. അന്ന് പുല്‍പ്പള്ളി ബസവന്‍ കൊല്ലി കോളനിയിലെ ശിവകുമാര്‍ ആണ് കൊല്ലപ്പെട്ടത്. വിറകു ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവ കടിച്ചു കീറിയത്. 2023ല്‍ കടുവ രണ്ടുപേരെ കൊന്നു.

രണ്ടു സംഭവവും വനത്തിന് പുറത്താണ് സംഭവിച്ചത്.ഈ വര്‍ഷം ആദ്യം ജനുവരിയിലാണ് പുതുശ്ശേരി വെള്ളാംര കുന്ന് സ്വദേശി തോമസിനെ കടുവ ആക്രമിച്ചത്. ഒടുവിലായി കടുവയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് ഇന്നലെ മരിച്ച വാകേരി സ്വദേശി പ്രജീഷ്.