india

പാര്‍ലമെന്റ് ഉദ്ഘാടനം:രാഷ്ട്രപതിയെ അവഹേളിക്കുന്നു, സംയുക്ത പ്രസ്ഥാവനയുമായി 19 പ്രതിപക്ഷ പാര്‍ട്ടികള്‍

By webdesk13

May 24, 2023

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അപമാനമാനവും, മന്ദിരം നിര്‍മിച്ചത് യാതൊരു കൂടിയാലോചനയുമില്ലാതെയുമാണ്. സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണ്.

രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നത് അവരെ അപമാനിക്കുന്നതും ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ നടപടിയാണ്. രാഷ്ട്രപതികൂടി ഉള്‍പ്പെടുന്നതാണ് പാര്‍ലമെന്റ് എന്ന് ഭരണഘടനയുടെ 79ാം ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തിന്റെയും പാര്‍ലമെന്റിന്റെയും തലവനാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ല. പാര്‍ലമെന്റില്‍ നിന്നും ജനാധിപത്യം പുറന്തള്ളപ്പെടുമ്പോള്‍ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ല. അതിനാലാണ് പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.