kerala

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് ബി.ജെ.പി നേതാവ് പണംതട്ടിയ സംഭവം; നാണംകെട്ട് പുറത്താക്കല്‍, രാജി

By webdesk17

March 18, 2025

കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബി.ജെ.പി വനിതാ നേതാവ് പണം തട്ടിയ സംഭവത്തിനു പിന്നാലെ നാണക്കേടായതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗവുമായ സുജന്യ ഗോപിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതിനുപിന്നാലെ ബ്ലോക്ക് പഞ്ചായത്തംഗത്വം സുജന്യ രാജിവെച്ചു.

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായി പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്ത് സലിഷ് മോനും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ കളഞ്ഞുപോയ എ.ടി.എം ഉപയോഗിച്ചാണ് ബിജെപി നേതാവും സുഹൃത്തും പണം തട്ടിയത്. മാര്‍ച്ച് 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് വിനോദ് ഏബ്രഹാമിന്റെ എ.ടി.എം കാര്‍ഡ് അടങ്ങിയ പേഴ്സ് നഷ്ടമായത്. വഴിയില്‍ നിന്നും സലിഷ് മോന് പേഴ്സ് ലഭിക്കുകയും ഈ വിവരം സുജന്യയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ 15ന് ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു. അക്കൗണ്ടില്‍ 28,000 രൂപയാണ് ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. എന്നാല്‍ തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ വിനോദിന്് ലഭിച്ചതോടെയാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. ശേഷം ഇയാള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

അതിനിടെ, നഷ്ടമായ പേഴ്സ് 16ന് പുലര്‍ച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍ എ.ടി.എം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു.