വയനാട്: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഡിഎംഒ നിര്‍ദേശം നല്‍കി. യുവതി മന്ത്രി ഒ. ആര്‍. കേളുവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21കാരിയുടെ പ്രസവം ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത്. തുടര്‍ന്ന് 25ന് യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ഡിസ്ചാര്‍ജിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു.
വയറുവേദനയെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും, വെള്ളം കുടിക്കാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ് വിശദമായ പരിശോധന നടത്താതെ മടക്കി അയച്ചതായി പരാതിയില്‍ പറയുന്നു. പിന്നീട് വീണ്ടും വയറുവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയപ്പോഴും ആവശ്യമായ പരിശോധനകള്‍ നടത്താതെ യുവതിയെ തിരിച്ചയച്ചുവെന്നാണ് ആരോപണം.
ഇതിനിടെയാണ് ഡിസംബര്‍ 29ന് യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവരുകയും ശക്തമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തത്. പ്രസവ സമയത്ത് രക്തസ്രാവം തടയാന്‍ ഉപയോഗിച്ച കോട്ടണ്‍ തുണി ശരീരത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാതെ പോയതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തെ തുടര്‍ന്ന് യുവതി മന്ത്രി ഒ. ആര്‍. കേളുവിനും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ പിഴവ് ആരോപണത്തില്‍ ഡിഎംഒ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.