kerala

എസ്ഐ ചമഞ്ഞ് കടക്കാരില്‍ നിന്നും പണം തട്ടിയ സംഭവം; യുവാവ് അറസ്റ്റില്‍

By webdesk17

November 10, 2024

എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ കടക്കാരില്‍ നിന്നും പണം കടം വാങ്ങി കടന്നു കളഞ്ഞ തട്ടിപ്പുകാരനെ പിടികൂടി. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ കടക്കാരില്‍ നിന്നും പണം വാങ്ങി മുങ്ങിയ ആളെയാണ് തളിപ്പറമ്പില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കള്‍ പിടികൂടിയത്. രാവിലെ തളിപ്പമ്പിലെ ഒരു കടയില്‍ ചെന്ന് സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയപ്പോള്‍ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ് ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്‌സ് വില്‍പ്പന നടത്തിയിരുന്ന ജയ്‌സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.