kerala

പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവം; ഇന്‍വിജിലേറ്ററെ പുറത്താക്കി വിദ്യാഭ്യാസവകുപ്പ്

By webdesk17

March 24, 2025

പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി വിദ്യാഭ്യാസവകുപ്പ്. പരീക്ഷാ കമ്മീഷണര്‍ മാണിക്ക് രാജാണ് ഉത്തരവിറക്കിയത്. സംഭവത്തില്‍ മലപ്പുറം ആര്‍ഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിക്കും.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്കിടെ സംസാരിച്ചതോടെ ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പിടിച്ചുവെക്കുകയായിരുന്നു. പരീക്ഷാ ഹാളിലിരുന്ന് വിദ്യാര്‍ത്ഥിനി കരഞ്ഞതോടെയാണ് ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് തിരിച്ച് നല്‍കിയത്.

എന്നാല്‍ ഇതോടകം സമയം അവസാനിക്കാനായതോടെ വിദ്യാര്‍ത്ഥിനിക്ക് ഉത്തരങ്ങള്‍ മുഴുവന്‍ എഴുതാന്‍ സാധിച്ചില്ല. അതേസമയം ഉത്തരങ്ങള്‍ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.

പത്തിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുവിലും നല്ല മാര്‍ക്ക്് വാങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷയിലായിരുന്നു. കുട്ടിയെ വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.