ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. 2025ല്‍ 19.48 ദശലക്ഷം പേരാണ് യാത്രചെയ്തത്. ഇതുവരെയുള്ളതില്‍ റെക്കോര്‍ നേട്ടമാണ് കൈവരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2024 ല്‍ 17.1 ദശലക്ഷവും 2023 ല്‍ 15.36 ദശലക്ഷവും ആയിരുന്നു. 13.9ശതമാനം വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്.
യാത്രക്കാര്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍, എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. ലക്ഷ്യസ്ഥാന ശൃംഖലകള്‍, പങ്കാളിത്തങ്ങള്‍, സ്ഥാപന അംഗീകാരങ്ങള്‍ എന്നിവയിലും വന്‍നേട്ടമുണ്ടായി. കൂടാതെ വ്യോമഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ശക്തിപ്പെടുകയുണ്ടായി. 2024 ല്‍ 107,760 വിമാനങ്ങളും 2023 ല്‍ 98,433 വിമാനങ്ങളുമായിരുന്നെങ്കില്‍ 2025 ല്‍ മൊത്തം വിമാനങ്ങളുടെ എണ്ണം 116,657 ആയി വര്‍ദ്ധിച്ചു. 8.3ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
നെറ്റവര്‍ക്ക് വിപുലീകരണം, വര്‍ദ്ധിച്ചുവരുന്ന ടൂറിസം ആവശ്യം, വര്‍ധിച്ച പ്രവര്‍ത്തന ശേഷി എന്നിവയാല്‍ പ്രാദേശിക, അന്തര്‍ദേശീയ വ്യോമ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ നിര്‍ണായക പങ്കാണ് ഇത് വ്യക്തമാക്കുന്നത്. എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയുണ്ടായി. 2025ല്‍ കാര്‍ഗോ 204,323 ടണ്ണിലെത്തി. 2024 ല്‍ ഇത് 195,909 ടണ്ണും 2023ല്‍ 141,358 ടണ്ണുമായിരുന്നു. ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക്സ് ഹബ് എന്ന നിലയില്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ വികാസമാണ് ഈ വളര്‍ച്ച എടുത്തുകാണിക്കുന്നത്.
പ്രധാന ആഗോള കാര്‍ഗോ കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളില്‍ ഷാര്‍ജയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. നേട്ടങ്ങള്‍ വിമാനത്താവളത്തിന്റെ ദീര്‍ഘകാല തന്ത്രത്തിന്റെ വിജയത്തെയും പ്രവര്‍ത്തന മികവിനോടുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയെയും വ്യക്തമാക്കുന്നതാണെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സാലം അല്‍മിദ്ഫ വ്യക്തമാക്കി.