News

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം

By Manya

February 15, 2026

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം ആരംഭിക്കും. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ)യാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നിലവിലുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല അക്കാദമിക ബഹിഷ്‌കരണവും ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 25 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും അനുബന്ധ ചുമതലകളും ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു. കൂടാതെ വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.

അതേസമയം, സമരം തുടരുന്ന സാഹചര്യത്തിലും അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യു, കിടത്തി ചികിത്സ തുടങ്ങിയ നിര്‍ണായക സേവനങ്ങള്‍ തടസപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.നിലവില്‍ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ചട്ടപ്പടി സമരം, മെഡിക്കല്‍ ബോര്‍ഡ് ബഹിഷ്‌കരണം എന്നിവയും തിരുവനന്തപുരത്ത് റിലേ നിരാഹാര സമരവും പുരോഗമിക്കുകയാണ്.