വാഷിങ്ടൺ: ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യയ്ക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, സമിതിയിൽ ഇന്ത്യ അംഗമാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.
ഇന്ത്യ–യു.എസ് ബന്ധം തീരുവ പ്രശ്നങ്ങളുടെ പേരിൽ വഷളായിരിക്കെ ട്രംപിന്റെ ക്ഷണം ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് 50 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറും ഇതുവരെ യാഥാർഥ്യമായിട്ടില്ല.
ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ട്രംപ് കഴിഞ്ഞ ദിവസം സമിതി പ്രഖ്യാപിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ അധ്യക്ഷൻ. തുർക്കി, ഈജിപ്ത്, അർജന്റീന, ഇൻഡോനേഷ്യ, ഇറ്റലി, മൊറോക്കോ, യു.കെ, ജർമനി, കാനഡ, ഓസ്ട്രേലിയ എന്നിവ ഉൾപ്പെടെ 60 രാജ്യങ്ങളുടെ നേതാക്കൾക്ക് സമിതിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയവർ സമിതിയിലെ അംഗങ്ങളായിരിക്കും.